മേയര്‍ പദവി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടമാക്കി മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. താന്‍ അപമാനിതയായെന്ന വികാരം ശ്രീലേഖ നേതാക്കളോട് പങ്കുവച്ചുവെന്നാണ് വിവരം. ശ്രീലേഖയെ അനുനയിപ്പിക്കാന്‍ പല ശ്രമങ്ങളും നേതാക്കള്‍ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. എങ്കിലും സമവായ ശ്രമം തുടരുകയാണ്.
പുതിയ മേയര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസ പോസ്റ്റ് പോലും ശ്രീലേഖ പങ്കുവച്ചിട്ടില്ല. ഇന്നലെ മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നായിരുന്നു വി വി രാജേഷിന്റെ വിശദീകരണം.
ഇന്നലെ രാവിലെ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. ശ്രീലേഖ കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തുപോയത് വലിയ ചര്‍ച്ചയായിരുന്നു. ഹാളില്‍ രാജേഷിന്റെ സത്യപ്രതിജ്ഞയും ആഘോഷവും നടക്കുമ്പോഴാണ് അതിലൊന്നും ചേരാതെ ആര്‍ ശ്രീലേഖ മടങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങി അതിവേഗം വാഹനം വിളിച്ച് പോവുകയായിരുന്നു.
ശാസ്തമംഗലത്ത് മത്സരത്തിന് ഇറക്കുമ്പോള്‍ തന്നെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ ഭരണത്തിലെത്തിയാല്‍ മേയര്‍ പദവി ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. അധികാരം പിടിച്ചശേഷം സംസ്ഥാന നേതൃത്വം ശ്രീലേഖയെ ഉറപ്പിച്ചിരുന്നു. സംസ്ഥാന നേതൃനിരയിലുള്ള ചിലനേതാക്കള്‍ക്ക് വി വി രാജേഷിനോടുള്ള എതിര്‍പ്പും ശ്രീലേഖയെ പിന്തുണക്കാനുള്ള മറ്റൊരു കാരണമായിരുന്നു. എന്നാല്‍, മുന്‍ അദ്ധ്യക്ഷന്മാരടക്കമുള്ള നേതാക്കളോട് ചര്‍ച്ച ചെയ്യാതെ ശ്രീലേഖയെ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര നേതാക്കളെ വിളിച്ച് കടുത്ത ആശങ്ക അറിയിച്ചതും പിന്നാലെ ആര്‍എസ്എസ് ഇടപെടലും പദവി രാജേഷിലേക്കെത്തിക്കുകയായിരുന്നു.

