Spread the love

മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നത് സമൂഹത്തിന്റെ കടമയാണെന്ന്
മുഖ്യമന്ത്രി വി.ഡി. സതീശൻ

കോട്ടയം: മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നത് സമൂഹത്തിന്റെ കടമയാണെന്ന് നാം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാരുണ്യത്തോടെയുള്ള ഭരണം എന്നതാണ് ഈ സർക്കാർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹത്തോടെ പരിചരിക്കാനും കുട്ടികളെ സ്കൂൾ തലം മുതൽ തന്നെ പഠിപ്പിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ അന്വേഷിക്കാനും അവരോട് സംസാരിക്കാനും പുതിയ തലമുറ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂർ മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമിച്ച കനാൻ വയോജന സംരക്ഷണ വില്ലേജിൻ്റെ ഉദ്ഘാടനം തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്താ നിരവധി വർഷങ്ങളായി പ്രദേശത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നാടിന് അഭിമാനകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങൾ ഒരു ആത്മീയ പ്രവർത്തിയാണ്. അതാണ് ക്രിസ്തുവിന്റെ യഥാർഥ സന്ദേശം. കാരുണ്യവും ദയയും സഹാനുഭൂതിയും മറ്റുള്ളവരെ ചേർത്തുനിർത്താനുള്ള പരിശ്രമത്തെയാണ് ക്രിസ്തുവിശ്വാസവുമായും ക്രൈസ്തവ ദർശനമായും യഥാർഥത്തിൽ കണക്കാക്കേണ്ടതെന്നും മുഖ്യന്ത്രി പറഞ്ഞു.

വിരമിച്ച ആളുകളുടെ സർഗ്ഗാത്മകതയും ദീർഘകാലത്തെ അനുഭവസമ്പത്തും സമൂഹത്തിന്റെ കെട്ടിപ്പടുക്കലിനായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ‘സിൽവർ ഇക്കോണമി’ പോലുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണ്. രണ്ടു മാസത്തിനുള്ളിൽ ഇതിന്റെ നയം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഏകാന്തത വലിയൊരു മാനസിക-സാമൂഹിക പ്രശ്നമാണ്. മക്കളുണ്ടായിട്ടും പല കാരണങ്ങളാൽ സംരക്ഷിക്കപ്പെടാത്തതും ഒറ്റപ്പെട്ടുപോകുന്നതുമായ മാതാപിതാക്കളുടെ അവസ്ഥ ഏറെ സങ്കടകരമാണ്. മുതിർന്നവർക്ക് വിദഗ്ദ്ധമായ പരിചരണം ഉറപ്പാക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള ‘കെയർ ഗിവർ’ കോഴ്സുകൾ കേരളത്തിലെ നഴ്സിംഗ് കോളേജുകളിലും ആശുപത്രികളിലും ആരംഭിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും മുഖ്യന്ത്രി പറ‍ഞ്ഞു.

ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. യാക്കോബായ സഭയുടെ ആദരമായി ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവ മുഖ്യമന്ത്രി വി.ഡി. സതീശനെ പൊന്നാട അണിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. റോയി കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ്, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എൻ. ഹരി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് അഡ്വ. ഫില്‍സൺ മാത്യുസ്, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതാകുമാരി സലിമോന്‍, പത്മനാഭൻ, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത രാധാകൃഷ്ണന്‍, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം കെ.സി. ഐപ്പ്, സംഘാടക സമിതി കണ്‍വീനര്‍ അനിയന്‍ മാത്യു, അയര്‍ക്കുന്നം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, സഖറിയാസ് മോര്‍ പീലക്‌സിനോസ് ,റവ. ഡോ. സലീബ റമ്പാൻ
എന്നിവർ പ്രസംഗിച്ചു.