ഏറെ ഞെട്ടലോടെ ആണ് കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാനായ സിജെ റോയ് ആത്മഹത്യ ചെയ്തു എന്ന വാർത്ത രാജ്യമൊന്നാകെ കേട്ടത്. ബെംഗളൂരുവിലെ ഓഫീസിൽ ലൈസൻസ്ഡ് റിവോൾവർ വച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ അദ്ദേഹം റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ് തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ച പ്രതിഭയാണ്.
ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സിജെ റോയിയുടേത്. നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര് ചെയ്യുകയും, നിരവധി സിനിമകൾ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം കുറിച്ച വ്യക്തിയായിരുന്നു. കൂടാതെ കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോൺസര്‍ഷിപ്പുകളും നടത്തിയിരുന്നു. ചുരുക്കി പറഞ്ഞാൽ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ അചഞ്ചലമായ ആത്മവിശ്വാസം റോയ്യുടെ വിജയങ്ങൾക്ക് ശക്തിപകർന്നെങ്കിലും കാലം അദ്ദേഹത്തിന് കരുതിവെച്ചത് വൈരുദ്ധ്യമായ ഒരു അന്ത്യമാണ്.
തൃശ്ശൂർ സ്വദേശിയായ റോയ് ബഹുരാഷ്ട്ര കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്ത് വരവെയാണ് അത് രാജിവെച്ച് സ്വന്തമായ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനിറങ്ങിയത്.
ബെംഗളൂരുവിൽ ജനിച്ച് വളർന്ന റോയ് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബഹുരാഷ്ട്ര ഭീമനായ ഹ്യൂലറ്റ് പാക്കാർഡിലായിരുന്നു ജോലി. 1997-ലാണ് സ്വന്തമായി ബിസിനസ് എന്ന സ്വപ്നത്തിലേക്ക് ഇറങ്ങി തിരിച്ചത്. ദക്ഷിണേന്ത്യയിൽ നിന്ന് പിന്നീട് ബിസിനസ്സ് പശ്ചിമേഷ്യയിലേക്ക് വ്യാപിപ്പിച്ചു.
2006ൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നുവന്നതോടെയാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉദയം. റോയിയുടെ തനതായ ചിന്താഗതിയും ഊർജ്ജസ്വലതയും കൊണ്ട് ഇത്രയും വർഷങ്ങൾക്കിടയിൽ ഗ്രൂപ്പ് വളർന്ന് ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർമാരിൽ ഒരാളായി റോയി മാറി.
2006-ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ കരുത്താണ്.
അതേസമയം തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു. ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും തന്റെ ഹോബിയായ ആഡംബര കാർ ശേഖരണത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

