കോട്ടയം : ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.അതിനിടെ ഓർത്തഡോക്സ് സഭാ അധ്യക്ഷനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. ഉത്തരേന്ത്യയിലെ സംഭവവികാസങ്ങൾ ചർച്ചയായി എന്നാണ് അറിയുന്നത്.
ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പനയമ്പാല സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു മതവും സത്യത്തിനും നീതിക്കും സ്‌നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് രാജ്യത്തായാലും അതിന്റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവരെന്ന് അദ്ദേഹം പറഞ്ഞു.
‘അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർഎസ്എസിന്റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല. അത് നടക്കത്തുമില്ല. ക്രിസ്ത്യാനികൾ അതിനുവേണ്ടി രക്തസാക്ഷികൾ ആകുന്നതിന് ഒരു മടിയുമില്ല. കാരണം ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തിൽ കൂടി, പീഡനത്തിൽ കൂടിയാണ്. പീഡനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ് മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്നതായ ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ ആരെയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനികൾ 2.7% മാത്രം ഇന്ത്യൻ പോപ്പുലേഷനിൽ ഉണ്ടാകുമായിരുന്നില്ല’, അദ്ദേഹം പറഞ്ഞു.
‘വളരെ തെറ്റായ സമീപനത്തിൽ ആർഎസ്എസിന്റെ പോഷക സംഘടനകളായിരിക്കുന്ന ബജരംഗ്ദളും അതുപോലെ വിഎച്ച്പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്തവം മാധ്യമങ്ങളിൽ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നത്. അത് നമ്മൾ പ്രതീക്ഷിച്ചിരിക്കണം. കാരണം ഏതു മതവും സത്യത്തിനും നീതിക്കും സ്‌നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, അതിൽ മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കുവാൻ ഏത് രാജ്യത്തായാലും അതിന്റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവർ. അത് ഏത് സമൂഹത്തിലും ആകട്ടെ, ഏതു മതത്തിലും ആകട്ടെ. മതത്തിന്റെ ആചാരവും മതത്തിന്റെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും നമ്മൾ എല്ലാവരും അനുഭവിക്കുന്നുണ്ട്’.
‘ഇന്ത്യയിലുള്ള എല്ലാ ജനങ്ങളും ഒരുപോലെ സ്വതന്ത്രരാണ്, ഭരണഘടനയുടെ മുമ്പിൽ. ഒരുപോലെ. അത് ഭൂരിപക്ഷ മതമെന്നോ ന്യൂനപക്ഷ മതമെന്നോ ഇല്ല. എല്ലാ മതത്തിനും ഒരുപോലെയുള്ള അവകാശമാണ്. ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രാക്ടീസ് ചെയ്യുവാനും അത് പ്രചരിപ്പിക്കുവാനും ഉള്ളതായ അവകാശം. ഈ പ്രചാരണത്തിനുള്ളതായ അവകാശം ആർക്കും നിഷേധിക്കാൻ സാധ്യമല്ല. ആരാധനാലയങ്ങൾ നിർമ്മിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഒരുപോലെ തന്നെ ദൈവം നൽകുന്നതാണ്. അല്ലെങ്കിൽ ഈ ഭരണഘടന നൽകുന്നതാണ്. അതിന് വിപരീതമായി പ്രവർത്തിക്കാൻ ഏതാനും ചില തീവ്രവാദികൾക്കോ ടെററിസ്റ്റ് ഗ്രൂപ്പുകൾക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവർ അതിനെതിരെ ശബ്ദമുയർത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ക്രിസ്ത്യാനികൾക്ക് അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അപലപിക്കുന്നില്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നില്ലെങ്കിൽ സൈലന്റ് ആയിട്ട് നിശബ്ദമായിട്ട് അതിന് അംഗീകാരം കൊടുക്കുന്നതാണെന്നുള്ളത് എല്ലാവർക്കും അറിയാം’.
‘ഈ കഴിഞ്ഞ ദിവസം ക്രിസ്മസിന്റെ ആഘോഷത്തിന് ഒരു മാളിൽ വെച്ചിരുന്ന ക്രിസ്മസ് സിംബൽസ് എല്ലാം നശിപ്പിച്ച കുറെ ആളുകൾ ഒരു പള്ളിയുടെ വെളിയിൽ നിന്നുകൊണ്ട് പറയുന്നത് കേട്ടു. ഹിന്ദിയിലാണ് ഒരു മുദ്രാവാക്യം വിളിക്കുന്നതെങ്കിലും പറയുന്നതായ കാര്യം വിദേശമതം ഇവിടെ വേണ്ട എന്നാണ്. അത് കേട്ടപ്പോൾ എനിക്ക് ചിരി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കാരണം അമേരിക്കയിൽ ട്രംപ് പറയാറുണ്ട്, അമേരിക്ക ഫോർ അമേരിക്കൻസ്. അതുപോലെയാണ് ഇവിടുത്തെ ഹിന്ദു ആരാധനയാണ് ഇവിടുത്തെ ഹിന്ദുക്കളാണ് ഇവിടെ 80 ശതമാനം. അതുകൊണ്ട് വിദേശികൾ ആരും ഇവിടെ പാടില്ല എന്ന് പറയുമ്പോൾ എന്തൊരു തെറ്റിദ്ധാരണയാണ് ഇവർ പറയുന്നത് എന്ന് ചരിത്രം അറിയാവുന്ന എല്ലാവർക്കും മനസ്സിലാകും’.
‘ആരാണ് ഹിന്ദുക്കൾ?. രണ്ടായിരം ബിസിയിൽ ക്രിസ്തുവിനു മുമ്പ് 2000-ത്തിൽ ഇറാനിൽനിന്ന് ഇവിടെ കുടിയേറിപ്പാർത്ത ആര്യന്മാർ ബ്രാഹ്‌മണിക ആരാധന ഉണ്ടാക്കി കഴിഞ്ഞിട്ട് ഉണ്ടായ ഒരു മതമാണ് ഹിന്ദുയിസം, ഇവിടെ. ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു ആര്യനുമില്ല. ഒരു ഹിന്ദുവുമില്ല. എല്ലാവരും ഈ പറയുന്ന ഇറാൻ പ്രദേശത്തുനിന്ന് വന്നവരാണ്. പക്ഷെ അവർ വന്നപ്പോൾ അവർ ഒരു കാര്യം ചെയ്തത് അന്ന് വളരെ ശക്തമായിരിക്കുന്ന ഇൻഡസ് വാലി സിവിലൈസേഷൻ ഉണ്ട്. മോഹൻ ജെദാരോ, ഹാരപ്പ എന്നുള്ളതൊക്കെ നമ്മൾ പഠിച്ചിട്ടുണ്ട് അത് ക്രിസ്തുവിനു മുമ്പ് 4000 ബിസിയിൽ ദ്രാവിഡന്മാർ മുഖാന്തരം ഉണ്ടായതാണ് ഇൻഡസ് വാലീ സിവിലൈസേഷൻ’.
‘ദ്രാവിഡന്മാരും ഇവിടുത്തുകാരല്ല ദ്രാവിഡന്മാർ ആഫ്രിക്കയിൽനിന്ന് ഇറാൻ വഴി ഇന്ത്യയിൽ വന്നെത്തിയവരാണ് പക്ഷേ അവർ ഇൻഡസ് വാലി സിവിലൈസേഷൻ ജീവിച്ചിരുന്നത് വരെ ആര്യന്മാർ 2000 ബിസിയിൽ വന്നിട്ട് കൈയടക്കി. പ്രദേശങ്ങളെല്ലാം കൈയടക്കി ദ്രാവിഡന്മാരെ തെക്കോട്ട് പറഞ്ഞുവിട്ടു. അങ്ങനെ തെക്കോട്ട് ഓടിച്ചു പലായനം ചെയ്ത ദ്രാവിഡന്മാർ ഇന്ന് സൗത്ത് ഇന്ത്യയിൽ താമസിക്കുകയാണ്. തെലുങ്ക് സംസാരിക്കുന്നവരും കർണാടകവും തമിഴും മലയാളവും. ഈ നാല് ഭാഷകൾ സംസാരിക്കുന്നവരാണ് ദ്രാവിഡന്മാർ. അങ്ങനെ വന്നിരിക്കുന്നതായ ആളുകൾ. 2000 ബിസിയിൽ ഇവിടെ വന്നിരിക്കുന്നവർ പറയുകയാണ് വിദേശികൾ എല്ലാം തിരിച്ചു പോകണമെന്ന്. ആരാണ് വിദേശി?. ആര്യന്മാരാണ് ആദ്യത്തെ കുടിയേറ്റക്കാർ. അതിന് മുൻപ് ദ്രാവിഡന്മാരാണ്. ഓരോരുത്തരും മതം അനുസരിച്ച് ജീവിക്കുന്നവരാണ്. ഹിന്ദുക്കൾ ഹിന്ദു വിശ്വാസത്തിൽ ഇന്ത്യയിൽ ജനിച്ചു വളർന്നവരാണ്. ഇവിടുത്തെ ക്രിസ്ത്യാനികൾ എഡി 52 മുതൽ ക്രിസ്തുമതം സ്വീകരിച്ച് ഇവിടെ ജനിച്ചു വളർന്ന ഈ രാജ്യത്തിന്റെ പൗരന്മാരാണ്. ഇസ്രായേലിൽനിന്നുള്ള ആളുകൾ ആരും ഇവിടെ ക്രിസ്ത്യാനികൾ ആയിട്ടില്ല. അറബി രാജ്യത്തിൽനിന്ന് ആരും ഇവിടെ ക്രിസ്ത്യാനികൾ ആയിട്ടില്ല. ഇവിടെയുള്ളവർ ഇന്ത്യൻ ഒറിജിനാണ്. ഇന്ത്യയിൽ ജനിച്ച് വളർന്നവരാണ്. അത് ഇവിടുത്തെ മുസ്‌ലിങ്ങൾ ആണെങ്കിലും അങ്ങനെ തന്നെയാണ്. അവർ ഇവിടെ ജനിച്ചു വളർന്നവരാണ്. മധ്യപൂർവ്വ ദേശങ്ങളിലുള്ള മുസ്‌ലിങ്ങൾ ആരും ഇവിടെ ഇല്ല. ഇവിടെ ജനിച്ചു വളർന്ന മുസ്ലിങ്ങൾ മാത്രമേ ഇവിടെയുള്ളൂ. അപ്പോ ആ മതത്തിനും ഇവിടെ നിൽക്കാനുള്ള അവകാശമുണ്ട്. ക്രിസ്തു മതത്തിനും ഉണ്ട്. അതുപോലെ ഹിന്ദു മതത്തിനും ഉണ്ട്. അതുകൊണ്ട് ഈ മതങ്ങൾ ഉണ്ടാകുന്നതും അതിന്റെ ചരിത്രവും അറിയാവുന്ന ആളുകൾ, വിദേശികൾ പോകണമെന്ന് പറയുമ്പോൾ അവരുടെ അറിവില്ലായ്മയെ കുറിച്ച് വിലപിക്കുകയല്ലാതെ സാരമില്ല. പക്ഷേ ആ അറിവില്ലായ്മയക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ഓശാന പാടുകയും ചെയ്യുന്ന ഭരണാധികാരി ഇവിടെ ഉള്ളപ്പോൾ ന്യൂനപക്ഷങ്ങൾ അവിടെ തമസ്‌കരിക്കപ്പെടുമെന്നുള്ളത് സത്യമാണ്, അദ്ദേഹം പറഞ്ഞു.
അതിനിടെബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കാതോലിക്ക ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ ബാവയെ സന്ദർശിച്ചു.സന്ദർശനം അര മണിക്കൂറോളം നീണ്ടുനിന്നു. ക്രിസ്മസ് ആരാധനയ്ക്കിടെ മഹാരാഷ്ട്രയിൽ സിഎസ്ഐ പുരോഹിതനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ള സഭാ മേലധ്യക്ഷന്മാർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം എന്നറിയുന്നു. രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖർ പെരുന്ന എൻ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

