Spread the love

തിരുവനന്തപുരം: ശമ്പളം പിടിച്ചുവെച്ചും ദ്രോഹനടപടികള്‍ സ്വീകരിച്ചും മാധ്യമ മാനേജ്‌മെന്റുകള്‍ തൊഴിലാളികളോടു തുടരുന്ന അടിമ സമീപനം അത്യന്തം അപലപനീയവും ഉത്കണ്ഠാജനകവുമെന്ന് കേരള പത്രപ്രവര്‍ത്തക യുണിയന്‍. മാസങ്ങള്‍ നീണ്ട ശമ്പള കുടിശ്ശിക തീര്‍ക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാതെ മുട്ടാന്യായങ്ങള്‍ നിരത്തുന്ന മാനേജ്?മെന്റുകള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണു കാണിക്കുന്നത്.

രാജിവെച്ചൊഴിഞ്ഞാല്‍ കുടിശ്ശിക തീര്‍ക്കാമെന്നു പറയുന്ന മാധ്യമം മാനേജ്മെന്റും യൂണിയനുമായി നടത്തിയ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചു നല്‍കിയ ഉറപ്പുകള്‍ ഉളുപ്പില്ലാതെ ആവര്‍ത്തിച്ചു ലംഘിക്കുന്ന മംഗളം മാനേജ്‌മെന്റും രാജ്യത്തെ നിയമങ്ങള്‍ തന്നെ കാറ്റില്‍ പറത്തുകയാണു ചെയ്യുന്നത്. വര്‍ഗ, ബഹുജന സംഘടനകളുടെ പിന്തുണയോടെ ശക്തമായ ചെറുത്തുനില്‍പ്പ്‌സംഘടിപ്പിക്കുകയല്ലാതെ അതിജീവനത്തിനു വഴിയില്ലാതായിരിക്കുകയാണെന്ന് യൂണിയന്‍ അറിയിച്ചു.

ഈ നിലപാട് അറിയിച്ചു നല്‍കിയ നോട്ടിസുകളോട് മാന്യമായ പ്രതികരിക്കാന്‍ ഇരു മാനേജ്മെന്റുകളും തയാറാവാത്ത സാഹചര്യത്തില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ കൂടി പങ്കാളിത്തത്തോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ. കോഴിക്കോടും കോട്ടയത്തും ചേരുന്ന ട്രേഡ് യൂണിയന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങളില്‍ സമര സഹായ സമിതികള്‍ രൂപവത്കരിച്ചു പ്രക്ഷോഭം വ്യാപിപ്പിക്കും. സംസ്ഥാനത്തെ മുതിര്‍ന്ന തൊഴിലാളി സംഘടനാ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. മാനേജ്‌മെന്റുകള്‍ തിരുത്താന്‍ തയാറാവുന്നില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം അടക്കം വിവിധ സമരരീതികള്‍ ആവിഷ്‌കരിക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്? കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു