Spread the love

ശബരിമല യുവതി പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി. അത് ആചാരം, തന്ത്രി കണ്ഠരര് രാജീവര് സുപിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

 

ന്യൂഡല്‍ഹി:ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും യുവതീ പ്രവേശന വിലക്ക് തുടരണമെന്നും തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നു വരെയാണ് കക്ഷികള്‍ക്ക് വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സമയം നല്‍കിയിരിക്കുന്നത്.

യുവതികള്‍ക്ക് വിലക്ക് തുടരണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതായി തന്ത്രി കണ്ഠരര് രാജീവര് ബോധിപ്പിച്ചു. ദേവപ്രശ്‌നത്തിലൂടെ ലഭ്യമായ നിര്‍ദ്ദേശങ്ങള്‍ ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക സന്ദേശമായി കണ്ട് അംഗീകരിക്കണം. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്‌മചര്യ ഭാവത്തിന് ഭംഗം വരുത്തുന്ന യാതൊന്നും ക്ഷേത്രത്തില്‍ അനുവദിക്കരുത്.

10 മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം അനിവാര്യമാണ്. ആചാരപരമായതിനാല്‍ അതിനെ വിവേചനമായി കാണേണ്ടതില്ലെന്നും തന്ത്രി പറയുന്നു. നൂറ്റാണ്ടുകളായി പിന്തുടരുന്ന താന്ത്രിക വിധികള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ തീരുമാനങ്ങള്‍ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കൊപ്പം മതപരമായ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും തന്ത്രി വാദിക്കുന്നു

ശബരിമല യുവതി പ്രവേശനം പാടില്ലെന്ന നിലപാടാണ് തന്ത്രി എന്നും സ്വീകരിച്ചത്. സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോഴും ഇതേ നിലപാടിലായിരുന്നു തന്ത്രി.