പിണങ്ങിയ പെൺസുഹൃത്തിനെ പ്രീതിപ്പെടുത്താൻ വാഹനാപകടം കൃത്രിമമായി സൃഷ്ടിച്ച് രക്ഷകനായി എത്തി മതിപ്പ് നേടാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. പൊലീസ് അന്വേഷണത്തിൽ ഇടിച്ചിട്ടുനിർത്താതെ പോയ കാർ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു. ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജൻ (24), രണ്ടാം പ്രതി കോന്നി പയ്യനാമൺ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ 23നു വൈകിട്ട് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റിൽവച്ച് അജാസ് കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ പോയി. ഉടൻ തന്നെ മറ്റൊരു കാറിൽ സ്ഥലത്തെത്തിയ രഞ്ജിത് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിലെത്തിക്കുകയൂം താൻ യുവതിയുടെ ഭർത്താവാണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്നാൽ കൃത്യസമയത്ത് രഞ്ജിത് സ്ഥലത്തെത്തിയതിൽ പൊലീസിനു സംശയം തോന്നിയിരുന്നു. കാർ ഓടിച്ചയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. അപകടത്തിൽ യുവതിയുടെ വലതു കൈക്കുഴ തെറ്റുകയും ചെറുവിരലിനു പൊട്ടലുണ്ടാകുകയും ചെയ്തു.

