ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയന് മാത്രമല്ല തോൽവിയുടെ ഉത്തരവാദിത്വം. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കൈയടക്കി. അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നുവെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ ‘സഖാക്കളോട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം.
അധികാരത്തിന്റെ മധുരം നുകർന്ന് രസിച്ച് ഉല്ലസിച്ചവർ ഭരണം നഷ്ടമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം ഒരാളുടെ ചുമലിലേക്ക് കെട്ടിവയ്ക്കുന്നതും വേട്ടയാടുന്നതും ശരിയല്ല. പിണറായി വിജയനെ ലീഡറായും ക്യാപ്ടനായും കാരണഭൂതനായും മറ്റും പത്തുവർഷം വാഴ്ത്തിപ്പാടിയ സ്വന്തം പാർട്ടിക്കാരിൽ ഒരു വിഭാഗം മൂന്നാമതും ഭരണത്തുടർച്ച കിട്ടാതെ വന്നപ്പോൾ അതിന്റെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ച് ആക്ഷേപശരങ്ങളെയ്യുന്ന തിരക്കിലാണ്. ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയും പൊതുവേദികളിലും ഇതാണവസ്ഥ. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയനെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ 2021ൽ ഇടതുമുന്നണി തോറ്റു തുന്നംപാടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പിണറായിയുടെ നേതൃത്വത്തിൽ തന്നെ മുന്നണി ഉജ്ജ്വലവിജയം നേടിയത് ചെറിയ കാര്യമായിരുന്നില്ല. രണ്ടാമതും ഭരണം ലഭിച്ചപ്പോൾ നേതാക്കളും അണികളും സുഖലോലുപരായെന്നതാണ് വസ്തുതയെന്നും അദ്ദേഹം എഴുതുന്നു.

