Spread the love

ഇനി ഗൂഗൂളിന്റെ കൊതുകു പരീക്ഷണം. തുറന്നുവിടുന്നത് 3.2 കോടി ആണ്‍കൊതുകുകളെ

 

ടെക് ഭീമനായ ഗൂഗിള്‍ വെബ് ലോകത്തു നിന്നും കൊതുകു ജന്യ രോഗങ്ങള്‍ നിയന്ത്രിക്കാനുളള വന്‍ പരീക്ഷണത്തിന്. ഇതിനായി 3.2 കോടി കൊതുകകളെ തുറന്നുവിടാന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ആണ്‍കൊതുകളെയാണ് ചിറകുവിടര്‍ത്താന്‍ അനുവദിക്കുക.

 

ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി വേറിട്ട പരീക്ഷണവുമായി ടെക് ഭീമനായ ഗൂഗിള്‍. മാരകരോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനായി അമേരിക്കയിലെ കാലിഫോര്‍ണിയ, ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളിലായി 3.2 കോടി കൊതുകുകളെ തുറന്നുവിടാനാണ് ഗൂഗിളിന്റെ പദ്ധതി. പ്രത്യേകം സജ്ജീകരിച്ച ലാബുകളില്‍ വളര്‍ത്തിയെടുത്ത വോള്‍ബാച്ചിയ ബാക്ടീരിയ ബാധിച്ച കൊതുകുകളെയാണ് ഇത്തരത്തില്‍ തുറന്നുവിടുന്നത്.

 

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പെട്ട ആണ്‍ കൊതുകുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ആണ്‍ കൊതുകുകള്‍ പ്രകൃതിയിലുള്ള പെണ്‍ കൊതുകുകളുമായി ഇണചേരുമ്പോള്‍ അവ ഇടുന്ന മുട്ടകള്‍ വിരിയാതെ വരികയും ഇതുവഴി അടുത്ത തലമുറയിലെ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും എന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഈ ആണ്‍ കൊതുകുകള്‍ മനുഷ്യരെ കടിക്കുകയോ രോഗം പടര്‍ത്തുകയോ ചെയ്യാത്തതിനാല്‍ മനുഷ്യര്‍ക്ക് യാതൊരുവിധ ആരോഗ്യ ഭീഷണിയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

 

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ലൈഫ് സയന്‍സ് വിഭാഗമായ ‘വെറിലി’ ആണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് കാലിഫോര്‍ണിയയിലെ ചില പ്രത്യേക മേഖലകളില്‍ കമ്പനി നടത്തിയ പ്രാരംഭ പരീക്ഷണങ്ങളില്‍ കൊതുകുകളുടെ എണ്ണം 80 ശതമാനത്തിലധികം കുറയ്ക്കാന്‍ സാധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പദ്ധതി ഇപ്പോള്‍ വന്‍തോതില്‍ നടപ്പിലാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.