കൊച്ചി: മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 27നാണ് ഉണ്ണി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടത്. മുന്‍ മാനേജര്‍ കോട്ടയം ചങ്ങനാശേരി സ്വദേശിയായ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഇതിന്റെ തുടര്‍നടപടിയാണ് സമന്‍സ്.
തന്റെ കരണത്തടിച്ചെന്നും നടന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ വിപിനെ മര്‍ദ്ദിച്ചതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലുള്ളത്. ജാമ്യം ലഭിക്കാവുന്ന തരം വകുപ്പുകളാണ് കേസില്‍ ഉണ്ണി മുകുന്ദനെതിരെ ചുമത്തിയത്. നടന്‍ കോടതിയില്‍ ഹാജരായി ജാമ്യ ഹര്‍ജി നല്‍കുകയാണ് അടുത്ത നടപടി.

