തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വി.എസ് അച്യുതാനന്ദന് തലസ്ഥാനം വിട പറയുകയാണ്. ഇനിയൊരു മടങ്ങി വരവ് ഇവിടേക്കില്ല.
വി എസിനെ കാണാന്‍ തടിച്ചു കൂടി നിന്ന ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മുഷ്ടി ചുരുട്ടി കണ്ഠമിടറി വിളിക്കുകയാണ് കണ്ണേ കരളേ വി എസ്സേ… ഇല്ല ഇല്ല മരിക്കില്ല. എത്ര തലമുറകള്‍ക്കാണ് വി എസ് ഊര്‍ജം പകര്‍ന്നതെന്ന് മനസിലാക്കിത്തരുകയാണ് തടിച്ചുകൂടിയ ഒരു പറ്റം ജനക്കൂട്ടം.
രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.
വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര.
ബുധനാഴ്ച പുലര്‍ച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വഴിനീളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും വിഎസിന് ആദരമര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. വിലാപയാത്ര തിരുവനന്തപുരം വിട്ടാല്‍ ആദ്യം കൊല്ലം ജില്ലയിലേക്കാണ് പ്രവേശിക്കുന്നത്. തുടര്‍ന്ന് ആലപ്പുഴയിലേക്ക്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളില്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സാധാരണ കെഎസ്ആര്‍ടിസി ബസില്‍ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ സി ലോ ഫ്‌ലോര്‍ ബസാണ് (KL 15 A 407) വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ 10 മണിയോടെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെയാണ് സംസ്‌കാരം നടക്കും.

