തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ യെല്ലോ അലർട്ടുമുണ്ട്.
അതേസമയം കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.
അതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.
ഇന്നലെ കനത്ത മഴയ്ക്കിടെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോണിൻ്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ ഒഴുക്കിൽപ്പെട്ട സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ച രണ്ടാമത്തെയാൾ. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 10:30യോടെ കനത്ത മഴയിൽ വീട് തകർന്ന് വീണ് മരിച്ചത്.
അതേസമയം അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും ജലനിരപ്പ് ഉയർന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.
റെഡ് അലർട്ട്
കാസറഗോഡ് : മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)
ഓറഞ്ച് അലർട്ട്
കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ)
കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ)
പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC)
കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ),
തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)
കണ്ണൂർ : കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)
കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷൻ) ഏതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

