ബാലസോർ : ഒഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. ഇന്നലെ രാത്രി ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
മൂന്നു ദിവസമായി ഗുരുതരമായി പൊള്ളലേറ്റ് വിദ്യാർത്ഥി ചികിത്സയിലായിരുന്നു. വിദ്യാർഥിയെ രാഷ്ട്രപതി കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.
അതിനിടെ സംഭവത്തിൽ കോളേജിനെതിരെ രൂക്ഷ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മകൾ പരാതി നൽകിയിട്ടും കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തില്ലെന്ന് പിതാവ് ആവർത്തിച്ചു. ആരോപണ വിധേയനായ പ്രൊഫസർക്കെതിരെ വേറെയും പരാതികൾ ലഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഒഡീഷ ഗവർണർ ഹരി ബാബു കമ്പപതി സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

