Spread the love

തിരുവനന്തപുരം∙ തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനസാഗരത്തിനു നടുവിലൂടെ ജനകീയ നേതാവിന്റെ അന്ത്യയാത്ര.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി റോഡിനു ഇരുവശങ്ങളിലുമായി വന്‍ ജനക്കൂട്ടമാണുള്ളത്.

വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്. തിരുവനന്തപുരത്ത് ദർബാർ ഹാളിൽ രാവിലെ ഒൻപത് മണിക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു. വിവിധ ജില്ലകളിൽ നിന്ന് വിഎസിന്റെ അനുയായികളും ആരാധകരും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി.

അതേസമയം ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. നിരവധിപേരാണ് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനായി വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക.