Spread the love

ബെംഗളൂരു: ബെംഗളൂരു ചിക്കബല്ലാപ്പൂർ ജില്ലയിലെ മുദ്ദനഹള്ളിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ ഇതേ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഇതേ ഹോംസ്റ്റേയിൽ യുവതിയുടെ കാമുകനെ അബോധാവസ്ഥയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോംസ്റ്റേയ്ക്കുള്ളിലാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

അതേസമയം സംഭവസ്ഥലത്തുനിന്ന് ഒരു കയറും ചില ഗുളികകളും കണ്ടെടുത്തു. ഇരുവരും വിഷം കഴിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ഇരുവരും കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇവരുടെ കുടുംബങ്ങൾ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.