ഊരാളുങ്കല്‍ സൂപ്പര്‍ എന്ന് യുഡിഎഫ് സര്‍ക്കാര്‍ തിരുത്തിയ വാര്‍ത്ത ആഘോഷിച്ച് പാര്‍ട്ടി പത്രം
പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റിക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തി അനുവദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ മറുപടി ആഘോഷിച്ച് പാര്‍ട്ടി ദിനപത്രം. ഊരാളുങ്കല്‍ സൂപ്പര്‍ എന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ മുന്‍ പേജിലെ വാര്‍ത്ത. ഏറെ വിമര്‍ശനമുയര്‍ത്തിയ ഊരാളുങ്കലിനെ യുഡിഎഫ് അംഗീകരിച്ചുവെന്നാണ് പാര്‍ട്ടി പത്രത്തിന്റെ വിലയിരുത്തല്‍.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികളെല്ലാം തന്നെ കര്‍ശനമായ ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ സഭയില്‍ പറഞ്ഞത്. ഊരാളുങ്കലിന് ക്രമവിരുദ്ധമായി കരാറുകള്‍ നല്‍കുന്നെന്ന മുന്‍ സര്‍ക്കാരിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞിരിക്കുകയാണ് യുഡിഎഫ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച ആരോപണങ്ങള്‍ തിരുത്തിയാണ് നിയമസഭയില്‍ മന്ത്രി മറുപടി നല്‍കിയത്. ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി സഭയില്‍ വ്യക്തമാക്കി.
ഊരാളുങ്കലിനെ വിമര്‍ശിച്ചവര്‍ തന്നെ നിലവാരമുണ്ടെന്ന് ഇപ്പോള്‍ മറുപടി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുന്‍ മന്ത്രി വി.എന്‍ വാസവന്‍ കോട്ടയത്ത് അഭിപ്രായപ്പെട്ടിരുന്നു.ഊരാളുങ്കല്‍ സഹകരണ മേഖലയില്‍ അഭിമാനമാണെന്നും ലോകോത്തര നിലവാരമുള്ള നിര്‍മാണമാണ് ഊരാളുങ്കല്‍ കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അന്ന് പ്രതിപക്ഷം പരിഹാസത്തോടെയാണ് കണ്ടത്. ഊരാളുങ്കലിനെ വിമര്‍ശിച്ചവര്‍ നിലവാരമുണ്ടെന്ന് ഇപ്പോള്‍ മറുപടി നല്‍കിയതില്‍ സന്തോഷമുണ്ട്. വൈകിയാണെങ്കിലും ബോധോദയം ഉണ്ടായെന്നും വി എന്‍ വാസവന്‍ പരിഹസിച്ചു.

