Spread the love

കേന്ദ്ര സർക്കാരിനെതിരായ ഡൽഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റെയിൽവെ റദ്ദാക്കി. സിപിഐ മുൻകൂറായി നൽകിയ പത്ത് ലക്ഷം രൂപ റെയിൽവെ തിരികെ നൽകി. ട്രെയിനിലെ തിരക്ക് മൂലം പ്രതിസന്ധിയിലായതോടെ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്ക് എടുക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു.

സെപ്തംബർ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്. സമരം പൊളിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ റാലി നടത്താനായിരുന്നു സിപിഐയുടെ തീരുമാനം. ഇതിനായി കേരളത്തിൽ നിന്നും നേതാക്കളെയും പ്രവർത്തകരെയും രാജ്യതലസ്ഥാനത്ത് എത്തിക്കാനുള്ള സിപിഐയുടെ നീക്കത്തിനാണ് റെയിൽവെ തടസം സൃഷ്ടിച്ചിരിക്കുന്നത്. 20 ബോഗികളിലായി 1400ലധികം പ്രവർത്തകരും വോളന്റിയർമാരും കർഷക-തെഴിലാളി സംഘടനാ പ്രതിനിധികളും ഡൽഹിയിൽ എത്തിച്ചേരുമെന്നായിരുന്നു സിപിഐയുടെ കണക്കുകൂട്ടൽ.

ഓഗസ്റ്റ് 29ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 31ന് ഡൽഹിയിൽ എത്തിച്ചേരുന്ന ട്രെയിനാണ് സിപിഐ ബുക്ക് ചെയ്തിരുന്നത്. സമരത്തിന് ശേഷം സെപ്തംബർ രണ്ടിന് ഡൽഹിയിൽ നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്.

18 തേർഡ് ക്ളാസ് കംപാർട്മെന്റുകളും രണ്ട് നോൺ എസി ബോഗികളുമുള്ള ട്രെയിനാണ് പാർട്ടി ബുക്ക് ചെയ്തിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ആളുകളെ എത്തിക്കുന്നതിന് മറ്റ് രണ്ട് ട്രെയിനുകളും സിപിഐ ബുക്ക് ചെയ്തിരുന്നു. ഇവയെല്ലാം റെയിൽവെ റദ്ദാക്കിയതായാണ് വിവരം.