Spread the love

കൊല്ലം : സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അമ്മയെ മകളും ചെറുമകളും ചേർന്ന് ഉപദ്രവിച്ചെന്ന് പരാതി. ആയൂർ ഇടമുളയ്ക്കൽ സ്വദേശിനി രാധാമണി (61)യ്ക്കാണ് സംഭവത്തിൽ പൊള്ളലേറ്റത്. മകൾ അശ്വതി (37), ചെറുമകൾ അമൃത (18) എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

വീടും സ്ഥലവും തങ്ങളുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി അമ്മയെ ഉപദ്രവിച്ചെന്നാണ് ലഭിക്കുന്ന വിവരം. ചൂടുവെള്ളം ഒഴിച്ചതിന് പുറമെ കൈകൊണ്ടും കമ്പികൊണ്ടും രാധാമണിയെ മർദിച്ചതായും പരാതിയുണ്ട്.

സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ രാധാമണിക്ക് ചികിത്സ നൽകിയതായാണ് വിവരം.

അതേസമയം, ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതിക്കെതിരെ നേരത്തെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഹണിട്രാപ്പ് ഉൾപ്പെടെയുള്ള കേസുകളിലും ഇവർ പ്രതിയായിരുന്നുവെന്നാണ് വിവരം.