Spread the love

തിരൂരങ്ങാടി: ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചതിന്റെ നടുക്കത്തിലാണ് മലപ്പുറം എആർ നഗർ കുന്നുമ്പുറം ചെപ്യാലം ഗ്രാമം. മുസ്‌ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, എആർ നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി.കെ. മൊയ്തീൻകുട്ടിയുടെ പേരക്കുട്ടികളായ ഇരട്ട സഹോദരങ്ങളും പേരമകളുടെ മകനുമാണ് അപകടത്തിൽ മരിച്ചത്.

മുഹമ്മദ് അഷ്മിൽ, മിസ്ന ജുബിൻ എന്നിവരാണ് മരിച്ച ഇരട്ട സഹോദരങ്ങൾ. ഇവരുടെ സഹോദരി ഫർസാനയുടെ മൂന്നര വയസ്സുള്ള മകൻ മുഹമ്മദ് ഫായിസും അപകടത്തിൽ മരിച്ചു.

അഷ്മിലിന്റെയും മിസ്നയുടെയും പിതാവായ സിദ്ദീഖ് വർഷങ്ങളായി പ്രവാസിയാണ്. സിദ്ദീഖിന്റെ ഭാര്യ ആരിഫയുടെ സഹോദരി ഷാർജയിലാണ് താമസം. നാട്ടിൽനിന്ന് എത്തിയ സിദ്ദീഖിനെയും ആരിഫയെയും കാണാനായി ഇവർ എത്തിയിരുന്നു. ബന്ധുവിന്റെ കുട്ടിയെ ഷാർജയിലെ താമസസ്ഥലത്ത് എത്തിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടസമയത്ത് കാറിൽ ആരിഫ, ഫർസാന, ഫർസാനയുടെ മറ്റു രണ്ടു മക്കൾ എന്നിവരുമുണ്ടായിരുന്നു. അഷ്മിലാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായി.

സിദ്ദീഖിന്റെ നാലു മക്കളിൽ ഇരട്ടകളായ അഷ്മിലും മിസ്നയും പത്താം ക്ലാസ് വരെ ഒരേ സ്കൂളിലും ഒരേ ക്ലാസിലുമാണ് പഠിച്ചത്. പിന്നീട് പിതാവിനൊപ്പം വിദേശത്തേക്ക് പോയി. നിലവിൽ അഷ്മിൽ ബിബിഎയും മിസ്ന ബിസിഎയും പഠിച്ചുവരികയായിരുന്നു.

സിദ്ദീഖിന്റെ മൂത്ത മകൻ അജ്മൽ ഫുജൈറയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. മകൾ ഫർസാനയും ഭർത്താവ് കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ സ്വദേശി നാലകത്ത് മുഹമ്മദ് ഫാസിലും ഫുജൈറയിലാണ് താമസം.

റിട്ട. അധ്യാപകൻ കൂടിയായ മൊയ്തീൻകുട്ടി ഓർമക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമജീവിതത്തിലാണ്. സിദ്ദീഖ് ഉൾപ്പെടെ മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇളയ മകന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ താമസം.