കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടൻ കണ്ടി കവിത (42) ആണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ ബാങ്ക് അധികൃതര്‍ അഡ്വക്കറ്റ് കമ്മീഷന് പൊലീസ് സഹിതം ഇവരുടെ വീട്ടില്‍ എത്തി ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നു. നടപടികള്‍ നടക്കുന്നതിനിടെ യുവതിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയിൽ നിന്നും ഇവർ വീട് നിർമാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോൺ, പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയർന്നിരുന്നു. ജപ്തി നടപടികൾക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. വടകര കൈനാട്ടിയിൽ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

