Spread the love

മാനന്തവാടി: ഓസ്ട്രിയയിൽനിന്ന് അച്ഛൻ മടങ്ങിയെത്തിയത് മകളെ അവസാനമായി കാണാൻ. വയനാട് എടവക രണ്ടേനാലിൽ കാറിടിച്ച് മരിച്ച ആറാം ക്ലാസ് വിദ്യാർഥിനി ദിവയ്ക്ക് നാട് കണ്ണീരോടെ വിട നൽകി. മകളുടെ ഓർമയ്ക്കായി അച്ഛൻ രാജേഷ് ചോക്കലേറ്റ് പെട്ടികൾ മൃതദേഹത്തിനരികിൽ വെച്ചതോടെ ദുഃഖം അടക്കിപ്പിടിച്ചുനിന്ന ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു.The heartbreaking farewell of Divya, a sixth-grade student who tragically died in a car accident in Edavaka, Wayanad

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. വീട്ടിൽനിന്ന് വിലാപയാത്രയായി മൃതദേഹം ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിലെത്തിച്ചു. രൂപതയുടെ പ്രത്യേക അനുമതിയോടെ സംസ്കാരച്ചടങ്ങിന്റെ ഭാഗമായി കുർബാനയും അർപ്പിച്ചു. കുർബാനയ്ക്കിടെ ഗായകസംഘത്തോടൊപ്പം രാജേഷ് പാട്ടുപാടിയാണ് പ്രിയപ്പെട്ട മകൾക്ക് അവസാന യാത്രാമൊഴി നൽകിയത്.

സഹോദരനൊപ്പം നടന്നുപോകുമ്പോൾ അപകടം

കഴിഞ്ഞ ശനിയാഴ്ച സഹോദരൻ ഡെറിക്കിനൊപ്പം നടന്നുപോകുകയായിരുന്ന ദിവയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാട്ടുപാടിയും കഥകളും കവിതകളും എഴുതിയും ചിത്രം വരച്ചും ദിവ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. മിടുക്കിയായ കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കുടുംബവും നാടും.