Spread the love

പത്തനംതിട്ട: അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കനാല്‍ റോഡില്‍ കാടുപിടിച്ച ഭാഗത്ത് വെച്ചാണ് കുട്ടികളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. ഇത് കണ്ട സമീപവാസിയായ സ്ത്രീ ബഹളം വെച്ചതോടെ കാര്‍ ഓടിച്ചുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിങ്കളാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.

വെള്ള നിറത്തിലുള്ള കാറിൽ എത്തിയ ഒരു സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കുട്ടികളുടെ മൊഴി.

പിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിലും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ഒറ്റത്തേക്ക് കൊച്ചുകൽ ജങ്ഷനിൽ നിന്നും അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. തന്നെ സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കാറിൽ എത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സമീപിച്ചത്. എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ കാറോടിച്ചു പോയി. ഒരേ സംഘം തന്നെയാണ് രണ്ടിടത്തും എത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.