Spread the love

വിശാഖപട്ടണം: അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടതായി റിപ്പോർട്ട്. പുലർച്ചെ 1.20ഓടെ ബാപത്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, യാനം മേഖലയ്ക്ക് തെക്കുഭാഗത്തായാണ് ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചത്. ഇതോടെ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുകയാണ്.

പ്രതീക്ഷിച്ചതിലും നേരത്തെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 6.30ന് പുറത്തിറക്കിയ അറിയിപ്പനുസരിച്ച്, ചുഴലിക്കാറ്റിന്റെ കരപ്രവേശന പ്രക്രിയ ഇനിയും രണ്ട് മണിക്കൂറോളം നീളാനിടയുണ്ട്. നേരത്തേ പുലർച്ചെ രണ്ടിനും നാലിനും ഇടയിൽ കരതൊടുമെന്നായിരുന്നു പ്രവചനം.

ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രാപ്രദേശിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നേരത്തേ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 2,199 ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയതായും അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ മാറ്റിയതായും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചിരുന്നു.

പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കാണ് ഒഴിപ്പിക്കൽ നടപടികളിൽ മുൻഗണന നൽകിയത്. 2,360 ഗർഭിണികളെ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.

അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനാഡ, കോനസീമ, പശ്ചിമ ഗോദാവരി ജില്ലകളിലാണ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ശക്തമായ മഴ ലഭിച്ചത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകിവീണതായും വൈദ്യുതിബന്ധം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഒഡീഷയിലും പശ്ചിമ ബംഗാളിലും തീരദേശ മേഖലകളിൽ മഴ തുടരുകയാണ്.

95 ട്രെയിനുകളും 44 വിമാനങ്ങളും റദ്ദാക്കി

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെയിൽ, വ്യോമ ഗതാഗതത്തെയും ബാധിച്ചു. 95 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും 14 സർവീസുകളുടെ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തിയതായും റിപ്പോർട്ടുകളുണ്ട്. 44 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം, വിജയവാഡ, രാജമുണ്ട്രി വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു.

ഒഡീഷയിലും വ്യാപക മുൻകരുതൽ

ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 48,000ത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രക്ഷാപ്രവർത്തനങ്ങൾക്കായി 24 ഒഡ്രാഫ് സംഘങ്ങളെയും ആറ് എൻഡിആർഎഫ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ മേൽനോട്ടത്തിനായി എട്ട് മന്ത്രിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലും മഴ മുന്നറിയിപ്പ്

അർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡാർജിലിങ് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയും മുന്നറിയിപ്പിലുണ്ട്. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നേപ്പാൾ അധികൃതരും വിനോദസഞ്ചാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.