ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയാക്കാന്‍ തന്ത്രി കുടുംബാംഗത്തെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കുന്നു.
പത്തനംതിട്ട: ശബരിമല തന്ത്രികുടുംബാംഗത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന് രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. ശബരിമല യുവതി പ്രവേശന കാലത്ത് ശക്തമായ നിലപാട് സ്വീകരിക്കുകയും പിന്നീട് സിപിഎമ്മിന്റെ കണ്ണിലെ കരടാവുകയും ചെയ്ത താഴമണ്‍ കുടുംബാഗം രാഹുല്‍ ഈശ്വറിനെയാണ് കോണ്‍ഗ്രസ് സമീപിച്ചത്. ശബരിമല വിഷയവും തന്ത്രികുടുംബത്തെ ഭരണകക്ഷി ആക്ഷേപിക്കുകയും ചെയ്തുവെന്ന ആരോപണം ചര്‍ച്ചയാക്കാനും ഹൈന്ദവ വോട്ടുകളിലേക്ക് കടന്നുകയറാനുമാണ് ഇതെന്ന് കരുതുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമാണ് ഇതെന്നും നേതാക്കള്‍ പറയുന്നു. ആയിഷാ പോറ്റിക്ക് കൊട്ടാരക്കര സീറ്റും നല്‍കാനാണ് ആലോചന.
ശബരിമല തന്ത്രിയെ പെരുങ്കള്ളന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിളിച്ചത് ശബരിമല വിശ്വാസികള്‍ക്കിടയില്‍ രോഷവും യോഗക്ഷേമ സഭ ഉള്‍പ്പടെയുളള സംഘടനകളുടെയും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.
ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് സി പി എം, സിപിഐ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള അന്ന് കുറ്റപ്പെടുത്തി. തന്ത്രിയെ ‘പെരുങ്കള്ളന്‍’ എന്ന് എം വി ഗോവിന്ദന്‍ വിശേഷിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 ല്‍ ശബരിമലയിലെ യുവതി പ്രവേശന സമയത്ത് താന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടയടച്ചതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
വിജിലന്‍സ് കോടതി രാജീവരര്‍ക്ക് ജാമ്യം നല്‍കുകയും അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സിപിഎം വീണ്ടും ആക്രമിച്ചത്. ഒരു വിഭാഗത്തെ മാത്രം അധിക്ഷേപിക്കുന്ന നിലപാടിന്റെ ഭാഗമാണ് ഇതെന്നാണ് ആക്ഷേപം. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്നെ കുടുക്കിയതെന്ന് തന്ത്രി ആരോപിച്ചിരുന്നു. താഴമണ്‍ കുടുംബത്തിന്റെ താന്ത്രികാവകാശം എടുത്തുമാറ്റാന്‍ സിപിഎം നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നു. ദേവസ്വം മന്ത്രി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
അതേ സമയം കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍ സിപിഎം തുടര്‍ച്ചയായി ഭരിച്ച ബംഗാളിന്റെ അവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരണം. ഇത് കേരളത്തിന് ഗുണകരമാവും.- രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

