Spread the love

കെസിക്കും ആര്‍സിക്കും പെരുന്നയും കണിച്ചുകുളങ്ങരയും വീറോടെ രംഗത്ത്, സതീശനെ വനവാസത്തിനയക്കാന്‍ റെഡിയായി മുഖ്യമന്ത്രിപദമോഹികള്‍ ?

 

പെട്ടി പൊട്ടിക്കും മുമ്പേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് മുഖ്യമന്ത്രി പദ തര്‍ക്കം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനായി കെ സുധാകരന്റെ അപ്രതീക്ഷിത രംഗപ്രവേശം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് എംപിമാരെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത സൃഷ്ടിച്ച അതേ കേന്ദ്രങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചയ്ക്ക് പിന്നിലും എന്നാണ് കരുതുന്നത്. എംപിമാര്‍ക്ക് സീറ്റ് നല്‍കണമെന്ന വാദത്തിന്റെ ലക്ഷ്യവും ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു.

കേരളത്തില്‍ തകര്‍ന്നു തരിപ്പണമായി സംഘടനാ സംവിധാനം പോലും ഇല്ലാതായ കോണ്‍ഗ്രസിനെ നയിക്കാനുള്ള ചുമതലയാണ് 2021 ലെ നാണംകെട്ട പരാജയത്തിനുശേഷം വി ഡി സതീശന്‍ എന്ന എംഎല്‍എക്ക് നല്‍കിയത്. പറവൂരിലെ എംഎല്‍എ മാത്രമായിരുന്ന സതീശന്‍ പക്ഷേ ദൗത്യം ഏല്‍പ്പിച്ച ഹൈക്കമാന്റിനെ തന്നെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

തുടര്‍ന്നുവന്ന ഉപതിരഞ്ഞെടുപ്പുകള്‍ എല്ലാം യുഡിഎഫ് നേടി. 99 സീറ്റുമായി മൂന്നാം ടേം ഏതാണ്ട് ഭരണം മുന്നണി ഉറപ്പിച്ച ഘട്ടത്തില്‍ ആയിരുന്നു അത്. ചേലക്കരയില്‍ മാത്രമാണ് യുഡിഎഫ് ഒന്ന് പതറിയത്. എങ്കിലും എല്‍ഡിഎഫ് കോട്ടകളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ എന്നും തലവേദനയായിരുന്ന രണ്ടു പ്രബല സമുദായ സംഘടനകളെ സമദൂരത്തില്‍ നിര്‍ത്താന്‍ സതീശന് കഴിഞ്ഞു. സതീശന്റെ ഈ നിലപാടിനെതിരെ ഇരു സമുദായ നേതാക്കളും പലതവണ ആക്ഷേപിച്ചു. അവഹേളിച്ചു.തള്ളിപ്പറഞ്ഞു. പക്ഷേ നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

അതേസമയം കഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫില്‍ നിന്ന് അകന്ന മത സാമുദായിക ശക്തികളെ പ്രസ്ഥാനത്തിന് പിന്നില്‍ അണിനിരത്താനുള്ള സോഷ്യല്‍ എന്‍ജിനീയറിങ് വളരെ വിദഗ്ധമായി നടപ്പാക്കി. 2024ലെ പാര്‍ലമെന്റ് ഇലക്ഷനും തുടര്‍ന്നുള്ള പഞ്ചായത്ത് ഇലക്ഷനിലും യു ഡി എഫ് മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ സതീശന്‍ ഇഫക്ട് പ്രകടമായി. ഇതിനിടെ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ എത്തിക്കാനുള്ള ശ്രമവും നടന്നു. പക്ഷേ ഒരു ഘടകകക്ഷി നേതാവ് തന്നെ വിവരം ചോര്‍ത്തി നല്‍കിയതോടെ ആ ശ്രമം പരാജയപ്പെട്ടു.

നിയമസഭാ ഇലക്ഷനില്‍ യുഡിഎഫിന് മികച്ച വിജയം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വരെ ആത്മവിശ്വാസത്തോടെ സതീശന്‍ വെളിപ്പെടുത്തി. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ഇത്രയധികം ചങ്കൂറ്റം ഉണ്ടായിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈനുകളിലും ചാനല്‍ ചര്‍ച്ചകളിലെ കമന്റ് ബോക്‌സുകളിലും പ്രതികരണം നിറയുന്നു. ആന്ധ്രയിലും രാജസ്ഥാനിലും ഭരണം ലഭിച്ചപ്പോള്‍ ജനവികാരം മനസിലാക്കാതെ എടുത്ത മുന്‍കാല തീരുമാനങ്ങള്‍ പാര്‍ട്ടിയെ പതനത്തിന്റെ പടുകുഴിയിലേക്ക് നീങ്ങിയ കാര്യം അണികള്‍ ചൂണ്ടികാട്ടുന്നു. കെട്ടിയേല്‍പ്പിക്കുന്ന കിച്ചന്‍ കാബിനറ്റ് തീരുമാനങ്ങള്‍ എന്നും കോണ്‍ഗ്രസിന് വിനയായിട്ടുണ്ടെന്നാണ് ചരിത്രം എന്നാണ് വിമര്‍ശനം. കേരളത്തിലും കാത്തിരുന്നു ഭരണം ലഭിച്ചാല്‍ അതേ ഗതിയിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്നാണ് ആശങ്ക.

തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന് അനുകൂലമാണ് സാഹചര്യമെന്ന് വിലയിരുത്തിയതോടെ മുഖ്യമന്ത്രിപദമോഹികള്‍ രംഗത്ത് വന്നു. അഞ്ചുവര്‍ഷം വിയര്‍പ്പൊഴുക്കിയ പ്രതിപക്ഷ നേതാവിനെ മാറ്റി ഗാലറിയില്‍ ഇരുന്നവര്‍ക്ക് കസേര നല്‍കണമെന്ന് പറയുന്ന അസ്വാഭാവിക നീതിയിലേക്ക് ചര്‍ച്ചകള്‍ നീണ്ടു. പെട്ടി പൊട്ടിച്ചിട്ട് പോരെ ചര്‍ച്ചകള്‍ എന്ന് ചൂണ്ടിക്കാട്ടി നിയന്ത്രിക്കാന്‍ പോലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പകരം ഇത്തരം ചര്‍ച്ചകള്‍ക്ക് ആവേശം പകരുന്ന രീതിയിലുള്ള പ്രസ്താവനങ്ങളാണ് ഉയരുന്നതെന്ന് പൊതുവിമര്‍ശനം ഉണ്ട്. സംഘടനാ പദവികളെല്ലാം ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ട സതീശന് വീണ്ടും അതുതന്നെയാകുമോ അവസ്ഥ. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ മുഖ്യമന്ത്രിപദ മോഹികള്‍ അതിനു തയ്യാറാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.