കൊച്ചി ∙ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പ് കേസിൽ കൂടുതൽ പരാതികൾ. ഇന്നലെ മാത്രം 20 പേർ കൂടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതായി പൊലീസ് അറിയിച്ചു. പരാതിക്കാർക്ക് പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കമാണ് ആംസ്റ്റർ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നാണ് വിവരം.
വിസ തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്തേക്ക് മാറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൊച്ചി പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഇന്ന് റിപ്പോർട്ട് നൽകും. തട്ടിപ്പിലൂടെ സമാഹരിച്ച പണം വിദേശത്ത് എത്തിച്ച് ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.
2023 മുതലുള്ള സാമ്പത്തിക ഇടപാടുകളും പാർവതിക്കെതിരെ ലഭിച്ച പരാതികളും ഉൾപ്പെടുത്തിയാണ് ഇഡിക്ക് റിപ്പോർട്ട് കൈമാറുക. കേസുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. അതേസമയം, പാർവതി മായ ഷാജിയുടെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും.
അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പാർവതിക്കെതിരെ കേസ്. ജനുവരി 10നും ഓഗസ്റ്റ് 22നും പാലാരിവട്ടം പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

