തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം 86കാരനെ അയൽവാസി തീകൊളുത്തി കൊലപ്പെടുത്തി. തിക്കുറിച്ചി സ്വദേശി കുഴന്തൈ വേലുവാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ തുണികൾ ചുറ്റിയശേഷം പാമോയിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ അയൽവാസി ആൽബെർട്ട് ആസ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടയാളുടെ മകൻ ജപമണിയോടുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അയൽവാസികൾ തമ്മിൽ നേരത്തേ അതിർത്തിത്തർക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ ആൽബെർട്ടും ജപമണിയും തമ്മിൽ തർക്കമുണ്ടാകുകയും ഇരുവരും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ആൽബെർട്ട് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയത്. ഇയാൾ ബഹളം വച്ചതിനെത്തുടർന്ന് ജപമണി പൊലീസിൽ വിവരമറിയിക്കാൻ മാർത്താണ്ഡം സ്റ്റേഷനിലേക്ക് പോയി. ഈ സമയത്താണ് രോഗബാധിതനായി കിടന്നിരുന്ന കുഴന്തൈ വേലുവിന്റെ ദേഹത്ത് തുണികൾ ഇട്ട് പാമോയിൽ ഒഴിച്ച് തീകൊളുത്തിയത്.
പൊലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയെത്തിയ ജപമണി വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടിത്തത്തിൽ കുഴന്തൈ വേലുവിന്റെ ശരീരം പൂർണമായും കത്തിയിരുന്നു.

