Spread the love

കോട്ടയം : കോട്ടയം തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്‌സ് ആണ് ആള്‍മറയില്ലാത്ത കിണിറ്റല്‍ വീണ് മരണപ്പെട്ടത്. വൈകിട്ട് മൂന്നോടെയാണ് അപകടം.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. ആൾമറയില്ലാത്ത കിണറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടന്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും വെള്ളത്തില്‍ വീണാണ് മരണമെന്നാണ് നിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വാര്‍ഡ് മെംബര്‍ ജോസുകുട്ടി പറഞ്ഞു.