പയ്യന്നൂരില്‍ പോലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 20 വര്‍ഷം തടവും പിഴയും വിധിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്താണ് വിധി പുറപ്പെടുവിച്ചത്.
പയ്യന്നൂര്‍ നഗരസഭ 46ാം വാര്‍ഡ് മൊട്ടമ്മലിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ കൗണ്‍സിലറും ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ കാറമേലിലെ വി.കെ. നിഷാദ് (35), ഡിവൈ.എഫ്.ഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമായ വെള്ളൂരിലെ ടി.സി വി.നന്ദകുമാര്‍ (35)എന്നിവരാണ് പ്രതികള്‍.
കേസിലെ മറ്റ് രണ്ട് പ്രതികളായ എ. മിഥുനെയും കെ.വി. കൃപേഷിനെയും കോടതി വെറുതെവിട്ടിരുന്നു. 2012 ആഗസ്റ്റ് 1നാണ് കേസിനാസ്പദമായ സംഭവം. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത പോലീസിന് നേരെ നടന്ന പ്രതിഷേധത്തിനിടെയാണ് പയ്യന്നൂര്‍ ടൗണില്‍ ആക്രമണമുണ്ടായത്. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദ് ഉള്‍പ്പെടെ നാലുപേര്‍ ബൈക്കിലെത്തി. പോലീസ് പിന്തുടര്‍ന്നപ്പോള്‍ അന്നത്തെ പയ്യന്നൂര്‍ എസ്.ഐ കെ.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബോംബ് പൊട്ടാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വധശ്രമം, സ്ഫോടകവസ്തു കൈവശം വയ്ക്കല്‍, ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

