Spread the love

കോഴിക്കോട് : ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ, കഴുത്തിൽ കുരുക്കിട്ട ശേഷം സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ കെ.വൈശാഖന്റേത് കൊടും ക്രൂരത. കൊലപാതകത്തിന് ശേഷവും യുവതിയെ പ്രതി വൈശാഖൻ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ട്. എന്നാൽ അടുത്തിടെ ഈ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. കൂടാതെ തന്റെ ഭാര്യ ഇക്കാര്യം അറിയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അകന്ന ബന്ധു കൂടിയായ യുവതിയെ പ്രായപൂർത്തിയാകുന്നതിനു മുൻപുതന്നെ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരം കൂടി മൊഴിയെടുപ്പിൽ പുറത്തുവന്നതോടെ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്.

24 ന് ഉച്ചയോടെ ആണ് മാളിക്കടവിലെ തന്റെ വർക്ക്ഷോപ്പിലേക്ക് വൈശാഖൻ യുവതിയെ വിളിച്ചുവരുത്തിയത്. ഇരുവരും രണ്ടു സ്റ്റൂളുകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ടപ്പോൾ വൈശാഖൻ താഴെയിറങ്ങി യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി തൂങ്ങിനിൽക്കുന്ന സമയത്തും തുടർന്ന് കെട്ടറുത്ത് നിലത്തു കിടത്തിയും ഇയാൾ ബലാത്സംഗം ചെയ്തതായും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം, യുവതിയെ വർക്‌ഷോപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുവെന്നു പറഞ്ഞ് ഭാര്യയെ ഫോൺ ചെയ്തു വിളിച്ചുവരുത്തിയ ശേഷം ഭാര്യയ്ക്കൊപ്പമാണ് ഇയാൾ കാറിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.