കൊച്ചി: പുതിയ തലമുറയെ അങ്ങേയറ്റം സ്വാധീനിക്കുന്ന ‘കൊറിയന്‍ തരംഗം’ ആതിദ്യയുടെ ജീവന് കവര്ന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യ പാറമടയിലെ വെള്ളത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തന്റെ കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ താൻ ജീവൻ വെടിയുന്നു എന്നാണ് ആദിത്യ (16) ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.എന്നാൽ വിദ്യാർഥിനിയെ കൊറിയൻ സുഹൃത്ത് എന്ന പേരിൽ ബന്ധപ്പെട്ടിരുന്നത് അടുത്ത സുഹൃത്തുക്കള്‍ ആരെങ്കിലുമായിരുന്നോ എന്നും സംശയങ്ങൾ ഉണ്ട്.
ആദിത്യയുടെ ഫോൺ പരിശോധിക്കുന്നതിലൂടെയെ ഇക്കാര്യത്തിൽ വ്യക്തത വരു എന്ന് ചോറ്റാനിക്കര പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച ആദിത്യ. ഇന്നലെയാണ് ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരിച്ച മനോവിഷമത്തിലാണ് താന്‍ പോകുന്നത് എന്ന് ആദിത്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ടെങ്കിലും, ആ ‘സുഹൃത്ത്’ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതോ ആരെങ്കിലും പെണ്‍കുട്ടിയെ കബളിപ്പിച്ചതാണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ദുരൂഹത ഏറുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

