Spread the love

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും തിരിച്ചടി. ജാമ്യാപേക്ഷ കോടതി തള്ളി. കട്ടിളപ്പാളി കേസിലാണ് പത്മകുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചത്. ദ്വാരപാലക കേസിലും പത്മകുമാര്‍ പ്രതിയാണ്. ഈ കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പത്മകുമാര്‍. നേരത്തെ കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, എന്‍ വാസു എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയും കോടതി തള്ളിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ട ഉത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യഹര്‍ജിയില്‍ പത്മകുമാര്‍ വാദിച്ചത്. മിനിട്ട്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പും ഹര്‍ജിയില്‍ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 20നാണ് കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ അറസ്റ്റിലായത്.

അതിനിടെ, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഡിസംബര്‍ 18ാം തീയതി ഹര്‍ജി കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ 15ലേക്കു മാറ്റി.