തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് നാടകീയതയോടെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാഗങ്ങൾ കൂട്ടി ചേർത്ത് മുഖ്യമന്ത്രി.
ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തി പോയതിന് പിന്നാലെ, പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കലുകളും തിരുത്തലുകളും വരുത്തിയെന്ന് മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടുകയായിരുന്നു.
കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളാണ് ഗവർണർ തന്റെ പ്രസംഗത്തിൽനിന്ന് വെട്ടിയത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ഗവർണർ വിട്ട ഭാഗം വായിച്ചത്.
‘ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുക്കൊണ്ടിരിക്കുകയാണ്. ഈ വാചകം ഗവർണർ ഒഴിവാക്കി. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും, അത് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്. ഇതും ഗവർണർ ഒഴിവാക്കി.
നികുതി വിഹിതവും ധനകാര്യ കമ്മിഷൻ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണെന്നും ഔദാര്യമല്ലെന്നും ഈ ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കുമേലുള്ള ഏതൊരു സമ്മർദ്ദവും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. ഈ വാചകം അതേ രീതിയിൽ വായിച്ചെങ്കിലും എന്റെ സർക്കാർ കരുതുന്നു എന്ന് ഗവർണർ വായിച്ചു’ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

