കാസര്‍കോഡ് : ലഹരിമാഫിയക്ക് പോലീസ് നീക്കം അപ്പപ്പോള്‍ നല്കാന് ഓട്ടോഡ്രൈവര്‍മാര്‍ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പ്. കാസര്‍കോഡ് രാജപുരത്താണ് സംഭവം. മദ്യം കൈവശം വച്ചതിന് ഒരു ഒരാളെ പോലീസ് പിടികൂടി. ഇയാളുടെ വാട്സാപ്പിലാണ് ഫാമിലി എന്ന തലക്കെട്ടില്‍ ഗ്രൂപ്പ് കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ പോലീസ് വാഹനങ്ങളുടെ നീക്കവും മറ്റും ചോര്‍ത്തി നല്‍കുകയാണെന്ന് മനസിലാക്കി. തുടര്‍ന്നായിരുന്നു കുടൂതല്‍ പേരെ പിടികൂടിയത്.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ പാണത്തൂര്‍ മയിലാട്ടിയിലെ കെ.മനു (29), പെരുതടിയിലെ എസ്.ബി.രഞ്ജിത്ത് (25), ചെറുപനത്തടിയിലെ കെ.എം.യാക്കൂബ് (38), പുലിക്കടവിലെ പി.ആര്.സജു (46), ഗ്രൂപ്പ് അഡ്മിന്മാരായ ബസ് ഡ്രൈവര്‍ പനത്തടിയിലെ വൈശാഖ് (26), ചെറുപനത്തടിയിലെ കെ.ഋഷികേശ് (31), ഓട്ടോറിക്ഷാ ഡ്രൈവര്‍ മാച്ചിപ്പള്ളിയിലെ സുജിത് കുമാര്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഡ്മിന്മാരുടെ ഫോണുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.
ഗ്രൂപ്പിന്റെ 4 അഡ്മിന്മാര്ക്കും ഗ്രൂപ്പില്‍ ശബ്ദസന്ദേശങ്ങള്‍ പങ്കുവച്ച 16 പേര്‍ക്കും എതിരെയാണു കേസെടുത്തത്. പൊലീസ് വാഹനങ്ങള്‍ക്ക് പ്രത്യേക കോഡ് നല്കി നീക്കങ്ങള്‍ അപ്പപ്പോള്‍ ലഹരി, ഓണ്‍ലൈന്‍ ലോട്ടറി മാഫിയയ്ക്കു ചോര്‍ത്തി നല്‍കുകയാണ് ഫാമിലി എന്നു പേരുള്ള വാട്സാപ് ഗ്രൂപ്പിലൂടെ ചെയ്യുന്നത്.
ഫോട്ടോ: ഓട്ടോകളുടെ പ്രതീകാത്മക ചിത്രം

