തൃശൂർ: തൃശൂരിൽ കുളത്തിൽ വീണ് 19കാരിക്ക് ദാരുണാന്ത്യം. സ്വകാര്യ വ്യക്തിയുടെ നെൽപ്പാടത്തിനോട് ചേർന്നുള്ള പറമ്പിലെ കുളത്തിലാണ് വീണത്. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19)യാണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങി വെള്ളത്തിൽ താഴ്ന്നു പോയ മറ്റു രണ്ടു യുവതികളെ രക്ഷപ്പെടുത്തി. വരവൂർ നടുവട്ടത്ത് അമ്മായിയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഹസ്ന.
ഇന്നലെ ഉച്ച കഴിഞ്ഞ് ബന്ധുക്കളായ മറ്റു രണ്ടു യുവതികളുമൊത്ത് വീടിനു സമീപത്തെ പാടത്തെ ജലസേചനത്തിനുപയോഗിക്കുന്ന വലിയ ജലസംഭരണിയിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയിൽ മൂവരും വെള്ളത്തിൽ താഴ്ന്നു പോയി. നാട്ടുകാർ ഓടിയെത്തി രണ്ടു യുവതികളെ രക്ഷപ്പെടുത്തി. കാണാതായ ഹസ്നയ്ക്കുവേണ്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

