Spread the love

ഡബ്ലിൻ : അയർലൻഡിലെ കില്ലർണിയിൽ നടന്നു പോകുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയും ഗ്രീൻ ബസിന്റെ ഡബ്ലിൻ കോച്ചിൽ ഡ്രൈവറുമായിരുന്ന എ. ബി. സതീഷ് കുമാർ (സജൻ– 50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

സതീഷ് കുമാർ കില്ലർണിയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. പതിവുപോലെ നടന്നു പോകുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഇത് ശ്രദ്ധയിൽപ്പെട്ട ദൃക്‌സാക്ഷികൾ ഉടൻ തന്നെ അടിയന്തര മെഡിക്കൽ സേവനത്തെ വിവരം അറിയിക്കുകയായിരുന്നു. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കെറി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് വർഷത്തോളം പോളണ്ടിൽ ജോലി ചെയ്തിരുന്ന സതീഷ് കുമാർ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടിയാണ് ഒരു വർഷം മുൻപ് അയർലൻഡിലെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുട മാപ്രാണം അണക്കത്തി വീട്ടിൽ പരേതരായ ബാലൻ–ഭാർഗവി ദമ്പതികളുടെ മകനാണ് സതീഷ് കുമാർ. മക്കൾ: ഗൗരി വന്ദന, അദ്രിജ. സഹോദരങ്ങൾ: വസന്തകുമാരി, നന്ദകുമാർ.