Spread the love

ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടത് മുന്നണിയില്‍ പൊട്ടിത്തെറി. ആ ഒപ്പിടല്‍ മുന്നണി മര്യാദയുടെ ലംഘനമാണെന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫില്‍നിന്ന് തങ്ങളിത് പ്രതീക്ഷിച്ചതല്ലെന്നും പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ടപ്പോള്‍ ആദ്യം പിന്തുണച്ചത് ആര്‍എസ്എസും ബിജെപിയും ആണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. പാര്‍ട്ടിയുടെ മുന്നോട്ടുള്ള നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 27ന് സംസ്ഥാന എക്സിക്യുട്ടീവ് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

‘ഇത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എല്‍ഡിഎഫ് അങ്ങനെയല്ല ഗൗരവമേറിയ തീരുമാനങ്ങളില്‍ നിലപാടെടുക്കല്‍. വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം’ ബിനോയ് വിശ്വം പറഞ്ഞു.പിഎം ശ്രീയുമായി ബന്ധപ്പെട്ട് പത്ര വാര്‍ത്തകളിലൂടെ അല്ലാതെ അതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങള്‍ എന്തെല്ലാമാണ് എന്നത് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണ്. അതറിയാന്‍ ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. എല്‍ഡിഎഫില്‍ അതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഘടകക്ഷികളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ട് പോകേണ്ടത്. കേവല അധികാരത്തിനുള്ള ഒരു സംവിധാനമായിട്ടല്ല സിപിഐ എല്‍ഡിഎഫിനെ കാണുന്നത്.