Spread the love

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിഎം ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം. വിവിധ പദ്ധതികളില്‍ കേന്ദ്രം കേരളത്തിന് 8000 കോടി രൂപ നല്‍കാനുണ്ട്.പ്പട്ട പണം കിട്ടണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയോട് സിപിഎമ്മിനും എതിര്‍പ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ. സര്‍ക്കാരിന് പരിമിതിയുണ്ട്. ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവില്ല. എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്ത് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐയുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കും. അവരുടെ വിമര്‍ശനം മുഖവിലയ്ക്കെടുക്കും.എല്ലാ പദ്ധതികള്‍ക്കും നിബന്ധന വച്ച് കേന്ദ്രം കേരളംപാേലുളള സംസ്ഥാനങ്ങളെ ബാധിക്കുന്ന രീതിയില്‍ നിലപാടെടുക്കുകയാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയില്‍ ആദ്യമായി പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം തീര്‍ക്കുന്ന നിബന്ധനകളാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകള്‍ക്ക് പാര്‍ട്ടി എതിരാണ്. ‘ -എംവി ഗോവിന്ദന്‍ പറഞ്ഞു.

തന്ത്രപരമായ തീരുമാനം: മന്ത്രി ശിവന്‍കുട്ടി

ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

‘നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരകണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞ് വെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിത്’ മന്ത്രി പറഞ്ഞു. പി.എം.ശ്രീയില്‍ സിപിഐ എതിര്‍പ്പ് മറികടന്ന് കേരളം ഒപ്പിട്ടത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് ശിവന്‍കുട്ടിയുടെ വിശദീകരണം.

പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലിനെ ബാധിക്കുന്ന വിഷയമാണിത്. കുട്ടികളുടെ ഭാവി പന്താടികൊണ്ട് ഒരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങാന്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഔദാര്യമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതി വിഹിതത്തില്‍നിന്നുള്ള നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട പണമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

‘കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 വര്‍ഷം ലഭിക്കേണ്ട 456.1 കോടി രൂപ തടഞ്ഞുവെച്ചു. ആകെ 1158.13 കോടി രൂപ ഇതിനകം നഷ്ടമായി. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷാ അഭിയാന്‍ കുടിശ്ശികയും പിഎം ശ്രീ ഫണ്ടും ഉള്‍പ്പടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം നല്‍കാന്‍ ധാരണയായിട്ടുള്ളത് 971 കോടി രൂപയാണ്’ മന്ത്രി പറഞ്ഞു.