ജയ്പുർ : ഹണിമൂണിനിടെ നവവരൻ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. രാജസ്ഥാൻ സ്വദേശിയായ ആശിഷിനെ കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ അഞ്ജു പൊലീസിനോട് പറഞ്ഞത്. അപകടത്തിന് പിന്നാലെ തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു.
എന്നാൽ, അഞ്ജുവിന്റെ ഈ മൊഴി പോലീസ് കണക്കിൽ എടുത്തിരുന്നില്ല. മൊഴിയിൽ പൊലീസിനു സംശയം തോന്നിയതാണു കേസിൽ വഴിത്തിരിവായത്.
അതേസമയം മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശിഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ കഴുത്തു ഞെരിച്ചതായും കണ്ടെത്തി.
അഞ്ജു അയൽവാസിയായ സഞ്ജു എന്ന യുവാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വഴി പൊലീസ് കണ്ടെത്തി. അഞ്ജുവും ആശിഷും മൂന്നു മാസങ്ങൾക്ക് മുൻപാണു വിവാഹിതരായത്. അഞ്ജു വൈകാതെ തന്റെ നാട്ടിലേക്ക് മടങ്ങിപ്പോയി. അവിടെ വച്ച് മുൻ കാമുകനായ സഞ്ജുവുമായി വീണ്ടും അടുത്തു. ഈ സമയത്താണ് ഇരുവരും ചേർന്ന് ആശിഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.

