Spread the love

കോട്ടയം : ബിജെപിയുടെ മധ്യകേരളത്തിലെ പ്രത്യേകിച്ച് കോട്ടയം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾ രാഷ്ട്രീയ ലോകത്ത് സജീവം .

കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ ബിജെപി ക്രൈസ്തവ വിഭാഗത്തിലുള്ള സ്ഥാനാർത്ഥികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നാണ് സൂചനകൾ.പാലായിൽ ഷോൺ ജോർജ്. പൂഞ്ഞാറിൽ പിസി ജോർജ് കൂടാതെ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി കൂടിയായ ജോർജ് കുര്യൻറെ പേരുമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഈ മൂന്ന് മണ്ഡലങ്ങളും ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ്. കാഞ്ഞിരപ്പള്ളി യും പൂഞ്ഞാറും കേരള കോൺഗ്രസ് എം സിറ്റിംഗ്സീറ്റുകളാണ്. ഈ സീറ്റുകൾ നിലനിർത്തുകയും പാലാ നേടുകയും ചെയ്യാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽ ഹൈന്ദവ വോട്ടുകൾ ആണ് നിർണായകം. ക്രൈസ്തവ സ്ഥാനാർത്ഥികൾ കാഞ്ഞിരപ്പള്ളിയിൽ മറ്റു രണ്ടു മുന്നണികളും നിർത്തുന്നതാണ് കേരള കോൺഗ്രസ് എമ്മിന് സുരക്ഷിതം. ഹൈന്ദവ വോട്ടുകൾ അനുകൂലമാക്കി ജയിച്ചു കയറാം. അത്തരമൊരു രാഷ്ട്രീയ സമവാക്യത്തിലേക്ക് മറ്റു രണ്ടു മുന്നണികളും എത്തി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ഫോർമുല വഴിയാണ് കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായ ജയരാജിന് അനായാസം വിജയിക്കാനായത്.
ജയരാജിന് യുഡിഎഫിലും ബിജെപിയിലും നിർണ്ണായക സ്വാധീനമുണ്ട് എന്ന സൂചനയാണ് പുറത്ത് വരുന്നത്.

ബിജെപി മധ്യമേഖലാ പ്രസിഡണ്ടും പള്ളിക്കത്തോട് കാരനുമായ എൻ ഹരിയുടെ പേരാണ് കാഞ്ഞിരപ്പള്ളിയിൽ തുടക്കം മുതൽ പ്രചരിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ പേരാണ് ഇപ്പോൾ ബിജെപി കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുന്നത്.

പൂഞ്ഞാറിൽ സ്ഥാനാർത്ഥിത്വത്തിനായി പിസി ജോർജ് കിണഞ്ഞു പരിശ്രമിക്കുകയാണ്. പൂഞ്ഞാറിലെ ജോർജിൻറെ സ്ഥാനാർത്ഥിത്വവും ഫലത്തിൽ സിറ്റിംഗ് എംഎൽഎക്കാണ് ഗുണകരമാവുക എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ പിസി ജോർജ് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും വോട്ടിംഗ് ശതമാനം കുറഞ്ഞുപോയി. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ജോർജ് സ്ഥാനാർത്ഥിയായി എത്തുന്നതോടെ ഇടതുമുന്നണിക്ക് ഇവിടെ വീണ്ടും പ്രയാസം ജയിച്ചു കയറാൻ ആവുമെന്നാണ് പൊതുവേ വിശ്വസിക്കുന്നത്.

പാലാ,പൂഞ്ഞാർ മണ്ഡലങ്ങളിൽ അച്ഛനെയും മകനെയും മത്സരിപ്പിക്കാൻ തയ്യാറാവില്ല എന്ന സൂചനയും ഉണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ ഷോൺ ജോർജിന് പാലാമണ്ഡലം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും സംഘടനാ രംഗത്ത് തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന കോർ ടീമിൻ്റ ഭാഗമാക്കാൻ ആണ് ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. പിസി ജോർജ് കടുത്ത നിലപാടിലേക്ക് പോയാൽ ഷോണിൻറെ കാര്യം വീണ്ടും പുനപരിശോധിക്കാൻ ഇടയാവും. വെള്ളാപ്പള്ളിയുടെ എതിർപ്പിൽ ജോർജിന്റെ സ്ഥാനാർത്ഥിത്വം ഇപ്പോഴും ത്രിശ്ശങ്കുവിലാണ്.

യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് എം സഹായമില്ലാതെ ജയിച്ചു കയറാൻ ബുദ്ധിമുട്ടിയ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ഇത്തവണയും നേടാൻ കഴിയുമെന്ന് പ്രത്യാശ നേതാക്കൾക്കില്ല. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും രാശി കുറവുള്ള നേതാക്കളെയാണ് പരീക്ഷിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. കൂടാതെ ഏറ്റുമാനൂരും യുഡിഎഫ് സാമുദായിക സമ്മർദ്ദത്തിന് കീഴടങ്ങേണ്ടിവരും.അവിടെയും വെള്ളാപ്പള്ളി ഫാക്ടർ നിർണ്ണായകമാണ്