കോഴിക്കോട് ∙ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പൊയിൽകാവിൽ എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്.
ശ്രീനന്ദയെ ചൊവ്വാഴ്ച വൈകിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വൈകിട്ട് അഞ്ചരയോടെ കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
അതേസമയം ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുള്ളതായാണ് കണ്ടെത്തൽ. ഇതോടെ സംഭവത്തിൽ ദുരൂഹത ഏറുകയാണ്.കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

