Spread the love

പൂണെ : മഹാരാഷ്ട്രയിലെ പൂണെയിൽ 33കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുകുന്ദ് നഗർ സ്വദേശിനി പായൽ അക്ഷയ് സാംബ്രെയാണ് മരിച്ചത്. ആറു വർഷം മുൻപ് വിവാഹിതയായ പായലിന് നാലു വയസ്സുള്ള മകളുണ്ട്.

രാവിലെ 11 മണിയോടെ ലഭിച്ച വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണവിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ ഓഡിറ്റോറിയം തകർത്തു. പായലിന്റെ ഭർതൃവീട്ടുകാർ നിരന്തരം സ്വർണം ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

തെക്കൻ പൂണെയിലെ പ്രമുഖ വിവാഹ-വിരുന്ന് വേദികളിലൊന്നാണ് സാംബ്രെ പാലസ്. ഖേഡ് ശിവാപൂരിലെ ‘നക്ഷത്ര പാലസ്’ ഉടമകളുടെ മകളാണ് പായൽ. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഔദ്യോഗിക പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.