Spread the love

തീവ്രചുഴലിക്കാറ്റ് ‘മുറസു’ ആന്ധ്രാ തീരത്ത് കരതൊട്ടു. ചുഴലിക്കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 19 വിമാനങ്ങളും 15 ട്രെയിൻ സർവീസുകളും റദ്ദാക്കി. മുറസുവിന്റെ സ്വാധീനത്തിൽ തമിഴ്‌നാട്ടിലും മഴ ശക്തമാണ്.

പുതുച്ചേരിയിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ 3.30നും 5.30നും ഇടയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച മുറസു ചുഴലിക്കാറ്റ് വടക്ക് – വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ആന്ധ്രാപ്രദേശിന്റെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ പ്രകാശം ജില്ലയിലെ ഓങ്കോളിനടുത്ത് തീരം കടന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുലർച്ചെയാണ് ‘ശക്തമായ’ ചുഴലിക്കാറ്റ് ഓങ്കോളിനടുത്ത് കരയിലേക്ക് പതിക്കാൻ തുടങ്ങിയത്.

തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മദ്ധ്യകിഴക്കൻ അറബിക്കടലിൽ കർണാടക – തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇക്കാരണങ്ങളാൽ നവംബർ രണ്ട് മുതൽ ആറുവരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി അറിയിപ്പുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.