പ്രിയ സുഹൃത്തും ക്യാമറാമാനുമായ ഫർഹാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന പങ്കുവച്ച് വ്ലോഗർ ഉബൈദ്. ഫർഹാൻ ജീവിതത്തിലേക്ക് കടന്നുവന്നതും ഒന്നര വർഷത്തോളം നീണ്ട സൗഹൃദവും ഓർത്തെടുത്താണ് ഉബൈദ് വൈകാരിക കുറിപ്പ് പങ്കുവച്ചത്. ഏക മകനെ നഷ്ടപ്പെട്ട് തകർന്നുനിൽക്കുന്ന ഫർഹാന്റെ മാതാപിതാക്കൾക്കൊപ്പം ഇനിയെന്നും താനുണ്ടാകുമെന്നും ഉബൈദ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ച ഒരു സന്ദേശത്തിലൂടെയാണ് ഫർഹാനെ പരിചയപ്പെട്ടതെന്ന് ഉബൈദ് പറയുന്നു. ഒരിക്കൽ തന്റെ കൂടെ യാത്രകളിൽ പങ്കുചേരാൻ ആഗ്രഹമുണ്ടെന്ന് ഫർഹാൻ ചോദിച്ചപ്പോൾ ‘വാ’ എന്നായിരുന്നു മറുപടി. അങ്ങനെയാണ് ഇരുവരും ഒന്നിച്ച് യാത്രകൾ ആരംഭിച്ചത്. പിന്നീട് ഒന്നര വർഷത്തോളം തന്റെ യാത്രകളിലും തിരക്കുകളിലും സന്തോഷങ്ങളിലും ഫർഹാൻ കൂടെയുണ്ടായിരുന്നുവെന്നും ഉബൈദ് കുറിച്ചു.
ഉബൈദ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
‘ഫർഹാൻ… നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്സ്റ്റഗ്രാമിൽ വന്ന ഒരു റാന്ഡം മെസേജിലൂടെയാണ് ഫർഹാനെ ഞാൻ പരിചയപ്പെടുന്നത്. ഒരിക്കൽ അവൻ എന്നോട് ചോദിച്ചു: ‘ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ? ഞാൻ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു… ‘‘വാ’’അന്ന് തുടങ്ങിയ യാത്രയാണ്.
ഏകദേശം ഒന്നര വർഷത്തോളം എന്റെ കുടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്റെ കൂടെ, എന്റെ എല്ലാ യാത്രകളിലും സന്തോഷങ്ങളിലും തിരക്കുകളിലും ഒരു നിഴൽ പോലെ അവനുണ്ടായിരുന്നു. എനിക്ക് അവൻ വെറുമൊരു ക്യാമറാമാന് ആയിരുന്നില്ല. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. സൗഹൃദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു.
ഒന്നും എന്നോട് ആവശ്യപ്പെടില്ല. എങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും… ‘മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?’ അവന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി.
ഏകദേശം രണ്ട് മാസമായി അവൻ എന്റെ കുടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്പിറ്റൽ കാര്യങ്ങളുമായി തിരക്കിലായിരുന്നു. എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല… പിന്നെ ഞാൻ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്.
അവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞാൻ ഒരുപാട് ചോദിക്കാറില്ലായിരുന്നു. പക്ഷേ, അവൻ ഒരുപാട് പ്രിയപ്പെട്ട ഒരാളുണ്ടായിരുന്നു, മൂന്ന് വർഷത്തിലധികം നീണ്ട ബന്ധം, അവളെ അവൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു… എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പൊലീസിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ മാത്രമാണ് എനിക്കറിയാവുന്നത്. കൂടുതൽ സത്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഞാനുണ്ടാകും.
ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവൻ മാത്രമായിരുന്നു മകൻ എന്നതാണ്. ജീവിതകാലം മുഴുവൻ അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം ഒരു മകനായി ഞാനുണ്ടാകും.
ഫർഹാൻ, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം. നിന്റെ ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, ജീവിതത്തിൽ എന്തെങ്കിലും നേടണം… പകരം നീ ഇങ്ങനെ… നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഫർഹാൻ… മിസ് യൂ ടാ മച്ചാ…’
കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഫർഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

