കൊച്ചി: പത്രപ്രവര്‍ത്തക പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ പത്ര ഉടമയുടെ സംഭാവന എന്ന നിലയില്‍ സമാഹരിച്ച കോടിക്കണക്കിനു രൂപ കൈവശമുളള സര്‍ക്കാര്‍ പത്തുവര്‍ഷമായി പെന്ഷന് വര്‍ധിപ്പിക്കാത്ത നടപടിയെ അപലപിച്ച് സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്. യൂണിയന്റെ എറണാകുളം ജില്ലാ കമ്മറ്റിയാണ് ഇക്കാര്യം ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. പത്ര ജീവനക്കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുകയും പത്രപ്രവര്‍ത്തകരെ ഒഴിവാക്കുകയും ചെയ്ത നടപടിയും കെ. കെ ഗോപാലന് പ്രസിഡന്റും അബ്ദുല്ല മട്ടാഞ്ചേരി സെക്രട്ടറിയുമായ യൂണിയന് എടുത്തുപറയുന്നു. പത്രക്കാരുടെ പെന്ഷന് സര്‍ക്കാരിന്റെ ഔദാര്യമാണെന്ന സമീപനം ഇടതു കേന്ദ്രങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് ശ്രദ്ധേയമായ ഈ കത്ത്. കത്തിന്റെ പൂര്‍ണരൂപം ചുവടെ. വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേരളത്തില്‍ രണ്ടു സംഘടനകള്‍ നിലവില്‍ ഉണ്ടെങ്കിലും വസ്തുതകള്‍ ചൂണ്ടികാട്ടി അധികാരികള്‍ക്ക് കത്ത് അയക്കുന്നത്.

Letter
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് മുമ്പാകെ, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന് എറണാകുളം ജില്ല കമ്മറ്റി സമര്‍പ്പിക്കുന്ന നിവേദനം
സര്,
വിഷയം:പത്രപ്രവര്‍ത്തക പങ്കാളിത്വ പെന്ഷന് വിഹിതം സംബന്ധിച്ച്
സൂചിക:
1. സര്‍ക്കാര്‍ ഉത്തരവ് (പി) 7/93/പി.ആര് തീയതി 16. 08.1993
2. സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നമ്പര്‍ 2/2020/ഐ & പി.ആര്.ഡി. തീയതി 10.12. 2020
സൂചികയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 1993-94 ബജറ്റ് പ്രസംഗത്തില്‍ 1993 ഏപ്രില്‍ മുതല്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍ക്ക് പങ്കാളിത്വ പെന്ഷന് അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് ഒന്നാം നമ്പരായി കൊടുത്തിട്ടുള്ളത്. ഇത് പ്രകാരം സര്‍ക്കാര്‍ വിഹിതം + പത്രപ്രവര്‍ത്തക അംശാദായം + പത്ര ഉടമയുടെ സംഭാവന എന്നിവ ചേര്‍ന്നുള്ള നിധിയില്‍ നിന്ന് പെന്ഷന് നല്‍കാനാണ് ഉത്തരവായത്.ഈ ഉത്തരവ് പ്രകാരം നിലവില്‍ സര്‍ക്കാര്‍ പെന്ഷന് നല്‍കിവരികയാണ്.
എന്നാല്‍ പത്ര ഉടമകള്‍ വിഹിതം നല്കാന് തയാറാവാത്ത സാഹചര്യത്തിലാണ് പെന്ഷന് രൂപവത്ക്കരണ കമ്മറ്റിയുടെ 1993ലെ നിര്‍ദേശപ്രകാരം പരിഷ്ക്കരിച്ച സര്‍ക്കാര്‍ ഉത്തരവ് (അച്ചടി നമ്പര്‍ 2/2020/ഐ& പി.ആര്.ഡി.) 10.12. 2020 ന് ഇറങ്ങിയിട്ടുള്ളത്. (സുചികയില്‍ രണ്ടാമതായി പരാമര്‍ശിച്ച ഉത്തരവ്)
ഈ ഉത്തരവ് പ്രകാരം മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ ദിനപത്രങ്ങളില്‍ നിന്നും പരസ്യത്തുകയുടെ 15 ശതമാനം ഡിസ്കൗണ്ട് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനപ്രകാരം വര്‍ഷങ്ങളായി 15 ശതമാനം ഡിസ്ക്കൗണ്ട് ഈടാക്കി വരികയുമാണ്.
ഇങ്ങനെ സമാഹരിച്ച തുക കോടിക്കണക്കിന് രൂപയായി വര്ധിച്ചനിലയില് ഇപ്പോള്‍ സര്‍ക്കാറിന്റെ പക്കലുണ്ട്. ഈ സംഖ്യയില്‍ നിന്ന് പത്രപ്രവര്‍ത്തക പങ്കാളിത്വ പെന്ഷന് എല്ലാമാസവും ഒന്നാം തീയതികളില്‍ 20,000 രൂപയായി വര്‍ധിപ്പിച്ച നിരക്കില്‍ അനുവദിച്ചു നല്‍കാവുന്നതാണ്.
പരസ്യം നല്കുന്നതിലേക്കായി വിവിധ ഭാഷകളിലായി 85 മീഡിയകളെ സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടു ണ്ട്. ആ ലിസ്റ്റിലുള്ള പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരസ്യം നല്‍കിവരുന്നത്. ഇത്രയും പത്രങ്ങളെ സര്‍ക്കുലേഷന്റെ അടിസ്ഥാനത്തില്‍ 7 കാറ്റഗറിയായി തിരിക്കുകയും മീഡിയകളുടെ പരസ്യ നിരക്കുകളേക്കാള്‍ 70 ശതമാനത്തോളം കുറഞ്ഞ നിരക്കില്‍ പരസ്യ ചാര്‍ജ് നിജപ്പെടുത്തുകയും ചെയ്തശേഷമാണ് പിന്നെയും ബില്‍ സംഖ്യയുടെ 15 ശതമാനം ഡിസ്കൗണ്ട് ഈടാക്കി വരുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇങ്ങനെ കോടിക്കണക്കിനായി സമാഹരിക്കപ്പെട്ട തുക കൈവശമുള്ളപ്പോഴാണ് പത്രപ്രവര്‍ത്തകരുടെ പെന്‍ഷനും ഫെസ്റ്റിവല്‍ അലവന്‍സും യഥാസമയം നല്‍കാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചു വരുന്നത്.ഇക്കൊല്ലം ഓണത്തിന് പത്രപ്രവര്‍ത്തകര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കിയില്ല, അതേസമയം നോണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുകയും ചെയ്തു.
പത്രപ്രവര്‍ത്തകരുടെ പെന്ഷന് കുടിശിക നവകേരള യാത്രയില്‍ പരാതി നല്‍കിയിട്ട് പോലും ലഭിച്ചിട്ടില്ലാത്തതാണ്. ഈ കുടിശിക ഉടന്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാവണം.നിലവില്‍ പകുതി പെന്ഷന് വാങ്ങിവരുന്നവര്‍ക്ക് ഫുള്‍ പെന്‍ഷനും, ആശ്രിതര്‍ക്ക് പെന്‍ഷന്റ 50 ശതമാനം നല്‍കാത്തതും വേദനാജനകമാണ്. ഈ നിലപാട് പെന്ഷന് ഉത്തരവിന്റ ലംഘനമാണെന്ന് കൂടി ഉണര്ത്തട്ടെ. അതോടൊപ്പം അവശ പെന്ഷന് വര്‍ധിപ്പിക്കാത്തതും സങ്കടകരമാണ്. പത്രപ്രവര്‍ത്തക പെന്ഷന് 20,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ കനിവുണ്ടാവണം.
ആയതിനാല്‍ ബഹുമാനപ്പെട്ട് അങ്ങ് ഇക്കാര്യത്തില്‍ അടിയന്തിര നടപടി കൈകൊണ്ട് ഈ നിവേദനത്തിന് ആശ്വാസകരമായ തീരുമാനം ഉണ്ടാക്കി തരണമെന്ന് അഭ്യര്‍ഥിച്ചുകൊള്ളുന്നു.
എന്ന് വിശ്വാസപൂര്‍വം
കെ.കെ ഗോപാലന്
പ്രസിഡണ്ട്
അബ്ദുല്ല മട്ടാഞ്ചേരി സെക്രട്ടറി
കൊച്ചി
17.09.2025

