താമരശ്ശേരി: താമരശ്ശേരി കട്ടിപ്പാറയിൽ പോത്തിനെ തീറ്റിക്കുന്നതിനിടെ മധ്യവയസ്കന് പാമ്പ് കടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ അമരാടാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്. വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷറഫിന് പാമ്പുകടിയേറ്റത്. കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെയാണ് പാമ്പ് കടി ഏറ്റത്.
ഉടൻ തന്നെ കടിച്ച പാമ്പിനെ അഷറഫ് പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി. കടിച്ച പാമ്പിനെയും കൊണ്ട് അഷറഫ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

