Spread the love

ഇടുക്കി: ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു. മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മംഗളാദേവിയിലേക്കുള്ള കാനന പാതയിൽ ഒൻപതാം വളവിലാണ് ഇടിമിന്നലുണ്ടായത്. പലരും മിന്നലേറ്റ് നിലത്ത് വീണു. ഇടുക്കി ജില്ലാ ആസ്ഥാനത്തെ സിപിഒ അൻസാറിൻ്റെ ഇടത് കൈമുട്ടിന് പൊട്ടലുണ്ടായി.

തിരുവനന്തപുരം സ്വദേശി വിഷ്ണു, കമ്പം സ്വദേശി ധനലക്ഷ്മി, ചിന്നമന്നൂർ സ്വദേശികളായ ലോകമണി, പൊന്നു സ്വമി, തൃശ്ശൂർ സ്വദേശികളായ രമ്യ, ബ്രോൺസ്കി, കട്ടപ്പന സ്വദേശികളായ ഗിരീഷ്, ശ്രീലക്ഷ്മി, ഏറ്റുമാനൂർ സ്വദേശികളായ അശ്വതി, അഭിനന്ദ് എന്നവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.