തിരുവനന്തപുരം: ദേശീയപാതയില്‍ സൂപ്പർ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി എടുത്ത് കെഎസ്ആർടിസി. കഴിഞ്ഞ നാലാം തിയ്യതിയാണ് സംഭവം. ഫാസ്ടാഗിൽ പണമില്ലെന്ന് കണ്ടതോടെയാണ് എൻ.എച്ച് 66 ൽ ബസ് തിരികെ ഓടിച്ചത്. നെയ്യാറ്റിൻകര യൂണിറ്റിലെ KS-600 സൂപ്പർഫാസ്റ്റ് ബസ് നെയ്യാറ്റിൻകരയിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം.
ബസിലെ ഡ്രൈവർ- കണ്ടെക്‌ടർ ചുമതലയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് ബസ് ജീവനക്കാർ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി സർവീസ് തുടർന്നത് ദൃശ്യങ്ങൾ സഹിതം പ്രചരിച്ചിരുന്നു.
വാർത്തകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ജോലിയിൽ നിന്നും നീക്കിയത്.
തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോൾപ്ലാസയിൽ എത്തിയപ്പോൾ പണമില്ലെന്ന് കണ്ട് തിരികെയോടിക്കുകയായിരുന്നു.
മധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്ററോളം തിരിഞ്ഞോടിയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ സ്ളോ ട്രാക്കിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോടൻ കിച്ചൺസിന്റെ സമീപത്തുള്ള എക്സിറ്റിൽ വെച്ച് സർവ്വീസ് റോഡിലേക്ക് പ്രവേശിച്ച് ബസ് യാത്ര തുടർന്നു. സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഗതാഗത കുരുക്കുണ്ടാവുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിനും പൊലിസിനും കൈമാറിയതായി ദേശീയപാത അധികൃതർ അറിയിച്ചു.

