ഇടുക്കി : കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെ രാത്രിയാത്ര നിരോധിച്ചു. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി.
മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറിൽനിന്നുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് വാഹനങ്ങൾ മൂന്നാർ ടൗണിലെത്തേണ്ടത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. അതേസമയം, അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നേര്യമംഗലം–വാളറ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം സംഭവിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവിടെ നാല് പേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ കടുക്കുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുകയാണ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

