വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണം ചെയ്ത കേസില്‍ പ്രതി പിടിയില്‍; 37 വ്യാജ 500 രൂപാ നോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു
കോട്ടയം : വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണം ചെയ്ത കേസില്‍ പത്തനാപുരം സ്വദേശി അബ്ദുല്‍ റഷീദിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഇല്ലിക്കല്‍ ഭാഗത്തെ വേളൂരില്നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വൈക്കം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈക്കം ടൗണിനോട് ചേര്‍ന്ന വിവിധ സ്ഥലങ്ങളില്‍ നാല് വ്യാജ 500 രൂപാ നോട്ടുകള്‍ വിതരണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തിയത്.
പ്രതി താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 37 വ്യാജ 500 രൂപാ നോട്ടുകള്‍, ഭാഗികമായി മാത്രം അച്ചടിച്ച ഏഴ് 500 രൂപാ നോട്ടുകള്‍, വ്യാജ നോട്ടുകള്‍ നല്കി പകരം കൈപ്പറ്റിയ യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. കൂടാതെ വ്യാജ കറന്‍സി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, പ്രിന്റര്‍, ലാമിനേറ്റര്‍, പേപ്പര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.
പ്രതിക്കെതിരെ കുറുപ്പംപടി, കിളിമാനൂര്‍, നാടുകല്‍, പാലക്കാട്, ചടയമംഗലം, കുണ്ടറ, അഞ്ചാലുംമൂട്, തൃശൂര്‍ ഈസ്റ്റ്, നെയ്യാറ്റിന്‍കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.വൈക്കം DYSP ശ്രീ. കെ. എന്‍. രാജേഷിന്റെയും വൈക്കം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (I/C) ശ്രീ. റീജന്‍ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.

